Goonda Attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു

Published : Jun 02, 2022, 06:37 AM ISTUpdated : Jun 02, 2022, 08:41 AM IST
Goonda Attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു

Synopsis

തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ (Goonda) കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. 

സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ. നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഗുണ്ടകളുടെ തലസ്ഥാനം

സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം എന്നാണ് ഉയരുന്ന വിമര്‍ശനം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.

തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും - എക്സൈസിനും കഴിയുന്നില്ല. കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാരകാര്യങ്ങൾക്ക് പോലും തലസ്ഥാനത്ത് അക്രമം നടത്തുന്നു.  ലഹരി മാഫിയയെ തടയാൻ പല പേരിലുള്ള പല ഓപ്പറേഷനുകളും നിലവിലുണ്ട്. പക്ഷെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് നിലവിലുള്ളത്.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ