
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ നാലാം പ്രതിയായ വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടതാണെന്നും എൻ.ഐ.എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു അപ്പീൽ.
എന്നാൽ വിജിത് വിജയൻ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകളും പുസ്തകങ്ങളും കണ്ടെത്തിയതായി എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാഭ്യാസകാലം മുതൽ മാവോയിസ്റ്റ് അനുബന്ധ സംഘടനയായ പാഠാന്തരവുമായി വിജിത് വിജയൻ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിയിക്കാനുള്ള സാക്ഷിമൊഴികളും കോടതിയിൽ ഹാജരാക്കി.
പ്രതി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന വസ്തുതകൾ എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നു വിലയിരുത്തിയാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ ,സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യ അപ്പീൽ നിരസിച്ചത്.ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ, താഹ എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam