​ഗോത്രസാരഥി പദ്ധതി പ്രതിസന്ധിയിൽ; മാസങ്ങളായി വാടകയില്ലെന്ന് ഡ്രൈവർമാർ; ഗോത്ര വിദ്യാർത്ഥികളുടെ പഠനം വഴിമുട്ടും?

By Web TeamFirst Published Jan 28, 2023, 1:35 PM IST
Highlights

ആദിവാസി ഊരുകളിൽ നിന്ന് കുട്ടികളെ സ്കൂളുകളിലെത്തിക്കാൻ വേണ്ടിയാണ് സർക്കാർ സൗ‍ജന്യ വാഹന സൗകര്യം ഒരുക്കിയത്. ഇതിന് വേണ്ട ഫണ്ട് വർഷങ്ങളായി പട്ടികവർഗ വികസന വകുപ്പാണ് അനുവദിച്ചിരുന്നത്. 

വയനാട്: പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി തുടങ്ങിയ ഗോത്രസാരഥി പദ്ധതി പ്രതിസന്ധിയിൽ. വയനാട് ജില്ലയിലെ പലയിടങ്ങളിലും കുട്ടികളെ സ്കൂളിലെത്തിക്കാൻ വാഹനമോടിച്ചവർക്ക് മാസങ്ങളായി വാടക നൽകിയിട്ടില്ല. എസ്എസ്എൽസി പരീക്ഷ അടുത്തിരിക്കെ പദ്ധതി നിലച്ചാൽ ഗോത്ര വിദ്യാർത്ഥികളുടെ പഠനം വഴിമുട്ടും.

ആദിവാസി ഊരുകളിൽ നിന്ന് കുട്ടികളെ സ്കൂളുകളിലെത്തിക്കാൻ വേണ്ടിയാണ് സർക്കാർ സൗ‍ജന്യ വാഹന സൗകര്യം ഒരുക്കിയത്. ഇതിന് വേണ്ട ഫണ്ട് വർഷങ്ങളായി പട്ടികവർഗ വികസന വകുപ്പാണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ അധ്യയന വർഷം മുതൽ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ പണം കണ്ടെത്തണമെന്ന് സർക്കാർ അറിയിച്ചു. ഇതോടെ ഒട്ടുമിക്ക സ്കൂളുകളിലും വാഹനവാടക നൽകാനുള്ള ഫണ്ട് ലഭിക്കാതെയായി. 5 മാസകാലമായി വാടക ലഭിക്കാത്തതിനാൽ ഇനി മുന്നോട്ടു പോകാനാകില്ലെന്ന് കരാർ ഏറ്റെടുത്ത വാഹന ഉടമകൾ പറയുന്നു.

ഗോത്ര സാരഥി പദ്ധതി നിലച്ചാൽ വനത്താൽ ചുറ്റപ്പെട്ട മേഖലകളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കാൻ മറ്റ് മാർഗങ്ങളില്ലാതെയാകും. വയനാട്ടിൽ പദ്ധതി നടത്തിപ്പിനായി ഒരു അധ്യയന വ‍ർഷം 18 കോടിരൂപയോളം ചെലവ് വരും. ഈ ഭാരിച്ച തുക സ്വന്തം നിലയ്ക്ക് കണ്ടെത്താനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് നേരെത്തെ തന്നെ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

 

 

click me!