മാവോയിസ്റ്റുകൾ എകെ 47 കൊണ്ട് വെടിവച്ചെന്ന് സര്‍ക്കാര്‍; മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈക്കോടതി

By Web TeamFirst Published Nov 8, 2019, 1:10 PM IST
Highlights
  • മാവോയിസ്റ്റ് ആക്രമണത്തിൽ സത്യവാങ്മൂലം
  • മാവോയിസ്റ്റുകളെ കണ്ടത് തെരച്ചിലിനിടെ 
  • എകെ 47 ഉപയോഗിച്ച് പൊലീസിനെ വെടിവച്ചു
  • 303 റൈഫിൽ മോഷ്ടിച്ചത് ഓറീസയിൽ നിന്ന്  
  • പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയിൽ 

കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ മാവോയിസ്റ്റുകൾക്ക് നേരെ നടന്ന വെടിവയ്പപ്പ് ആസൂത്രിതമല്ലെന്ന് ഹൈക്കോടതിയിൽ സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ പൊലീസും തണ്ടര്‍ ബോൾട്ടും നടത്തുന്നുണ്ട്. അതിനിടെ പൊലീസിന് നേരെ എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒഴിവാക്കാൻ ആകാത്ത സാഹചര്യത്തിലാണ് ഏറ്റുമുട്ടൽ വേണ്ടിവന്നതെന്നും സർക്കാർ വ്യക്തമാക്കി.  303 റൈഫിളും മാവോയിസ്റ്റുകളുടെ കയ്യിൽ ഉണ്ടായിരുന്നു. ഇത്  മോഷ്ടിച്ചത് ഓറീസയിലെ ആംഡ് പൊലീസ് ആസ്ഥാനത്ത്  നിന്നാണ്.

ക്ലോസ് റേഞ്ചിൽ അല്ല വെടിവയ്പ്പ് നടന്നതെന്നും ഇക്കാര്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. മണിവാസകാത്തിന്‍റെ ശരീരത്തിൽ ഉള്ള ഒടിവുകൾ വെടിയേറ്റ് വീഴുമ്പോൾ  സംഭവിച്ചതാണെന്നും  സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു .കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ പീഡിപ്പിച്ചതിന്‍റെ തെളിവുകൾ ഇല്ലെന്നും ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാകും എന്നും വാദിച്ച സര്‍ക്കാര്‍  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്.    

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി കേസ് ഡയറിയും ആവശ്യപ്പെട്ടു  മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വരെ സംസ്കരിക്കരുതെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വെടിവയ്പ്പിൽ മരിച്ചവരെ പ്രതിയാക്കി കേസ് അന്വേഷിക്കരുതെന്ന ബന്ധുക്കളുടെ ഹര്‍ജിയിലാണ് തീരുമാനം. ഹര്‍ജിയിൽ കോടതി വിധി പറയും വരെ മൃതദേഹം ഇപ്പോഴുള്ള തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

മണിവാസകത്തിന്‍റെയും കാര്‍ത്തികിന്‍റേയും ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.   സ്വതന്ത്ര അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ ആവശ്യം. നടന്നത് ഏറ്റുമുട്ടലല്ലെന്നും ഏകപക്ഷീയ ആക്രമണമായിരുന്നെന്നും ബന്ധുക്കൾ വാദിക്കുന്നുണ്ട്.വ്യാജ ഏറ്റുമുട്ടൽ ആണ് മഞ്ചിക്കണ്ടിയിൽ നടന്നതെന്നും പൊലീസുകാരെ പ്രതിയാക്കി അന്വേഷണം വേണമെന്നും മാവോയിസ്റ്റുകളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഏറ്റുമുട്ടൽ കേസിൽ പൊലീസുകാരെ പ്രതിയാക്കിയാൽ സേനയുടെ ആത്മവീര്യം ചോരുമെന്നാണ് സർക്കാർ നിലപാടെടുത്തത്. കേസ് എടുത്താൽ ഇത്തരം ഓപ്പറേഷനിൽ പൊലീസുകാർ പങ്കെടുക്കാൻ മടിക്കും .വെടിവയ്പപ്പ് ഒഴിവാക്കാൻ കഴിയാത്തത് ആയിരുന്നു എന്നും സർക്കാർ കോടതിയിൽ ആവര്‍ത്തിച്ചു. 

 

click me!