കെ എം മാണി അഴിമതിക്കാരനെന്ന സർക്കാർ സത്യവാങ്മൂലം; പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവൻ

By Web TeamFirst Published Jul 6, 2021, 10:00 AM IST
Highlights

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ പറ്റില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 


തിരുവനന്തപുരം: കെ എം മാണി അഴിമതിക്കാരനാണെന്ന സർക്കാർ സത്യവാങ്മൂലത്തെക്കുറിച്ച് പ്രതികരിക്കാതെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ പറ്റില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

കെഎം മാണി അഴിമതിക്കാരൻ എന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം ഇന്നലെ രം​ഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പിലടക്കം വലിയ പരാതിയും വിയോജിപ്പും എല്‍ഡിഎഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെഎം മാണിയെ തൊട്ടപ്പോള്‍ സടകുടഞ്ഞ് എഴുന്നേറ്റ അവസ്ഥയാണ്. സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെഎം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. കെഎം  മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ്  ജോസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍‍ യുഡിഎഫ് നേതാക്കള്‍ പരിഹസിച്ചിരുന്നത്. 

ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടിനെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്. കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. കേരളകോൺഗ്രസ്‌ എം  ആദരവും ബഹുമാനവും ഉണ്ടെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടത്. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് പിജെ ജോസഫ് ചോദിച്ചു.   മാണി അഴിമതിക്കാരനല്ല എന്ന യുഡിഎഫ് നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്നും പി.ജെ.ജോസഫ്  പറഞ്ഞു. ജോസ് കെ മാണിയും എല്‍ഡിഎഫ് നേതാക്കളും വിഷയത്തില്‍ എന്ത് പറയുന്നു എന്നുള്ളതാണ് ഇനി പ്രധാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!