കോതമംഗലം പള്ളി തര്‍ക്കം: സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Feb 26, 2020, 7:38 AM IST
Highlights

ജില്ലാ കളക്ടര്‍ പളളി ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്ത‍ഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യക്കേസിൽ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ഇന്നലെ ശാസിച്ചിരുന്നു

കൊച്ചി: തർക്കം നിലനിൽക്കുന്ന കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി ഇന്നലെ ‍ഡിവിഷൻ ബെഞ്ചിൽ എത്തിയെങ്കിലും പിഴവുകൾ തിരുത്തിയെത്തിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

ജില്ലാ കളക്ടര്‍ പളളി ഏറ്റെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്ത‍ഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യക്കേസിൽ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ഇന്നലെ ശാസിച്ചിരുന്നു. കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറെയാണ് ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചത്.

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടച്ച് കോടതിക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു. 

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കളക്ടർ സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസിൽ ആയിരുന്നു നിർദ്ദേശം.

ഇന്നലെ സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കളക്ടർ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയത്. കോടതി വിമര്‍ശനത്തിന് പിന്നാലെ  ജില്ലാ കളക്ടർ നേരിട്ടെത്തി. 

തുടർന്ന് ഡയസിനടുത്തേക്ക് വിളിച്ച് കോടതിയുത്തരവിന്‍റെ ഗൗരവം അറിയില്ലേയെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജിക്കാരനോടും തങ്ങൾക്ക് ബാധ്യത ഉണ്ടെന്നറിയിച്ചു. ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടറെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ വിധി നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. പല പള്ളികളിൽ ഉത്തരവ് നടപ്പാക്കേണ്ടതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നും രണ്ട് മാസത്തിനകം വിധി നടപ്പാക്കാമെന്നും സർക്കാർ അറിയിച്ചു. എന്നാൽ, സാവകാശം അനുവദിക്കാനാവില്ലന്ന് വ്യക്തമാക്കി ജസ്റ്റിസ്  കോടതിയലക്ഷ്യ ഹര്‍ജി വിധി പറയാൻ മാറ്റുകയായിരുന്നു.

click me!