
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായാണ് മഞ്‍ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരമാണ് വരും ദിവസങ്ങളിൽ നടക്കുക.
മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും. വെള്ളിയാഴ്ച്ച ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയും ശനിയാഴ്ച്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും മൊഴി രേഖപ്പെടുത്തും. അടുത്ത മാസം നാലിന് റിമി ടോമിയുടെ മൊഴിയും രേഖപ്പെടുത്തും.
ദിലീപിന്‍റേതുള്‍പ്പെടെ പ്രതിഭാഗം അഭിഭാഷകർക്ക് മൊഴി നൽകുന്നവരെ വിസ്തരിക്കാനും അവസരമുണ്ട്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപിച്ചിരുന്നു. ഇത് മഞ്ജു കോടതിയിലും ആവർത്തിക്കുമോയെന്നത് ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമാണ്.
എന്നാൽ, ദിലീപുമായി മഞ്ജു സൗഹൃദത്തിലായി എന്ന പ്രചാരണം കേസിനെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. കൃത്യം നടക്കുന്ന സമയത്ത് ഇവരെ പിന്തുടർന്ന ടെമ്പോ ട്രാവലർ വാടകയ്ക്ക് നൽകിയ ആളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും എതിർ വിസ്താരവും നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam