മെഡിക്കല്‍ കോളേജ്: കൊവിഡ് വാര്‍ഡിലെ രോഗികള്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനമൊരുങ്ങുന്നു

By Web TeamFirst Published Jun 11, 2020, 8:42 PM IST
Highlights

ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ മന്ത്രി കെ.കെ. ശൈലജയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് രോഗികളുടെ സുരക്ഷാസംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാവിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാര്‍ഡിലേയ്ക്ക് മാറ്റാന്‍ തീരുമാനം. കഴിഞ്ഞദിവസം ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് രോഗികളുടെ സുരക്ഷാസംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. 

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാന്‍ ഇതുവഴി കഴിയും. ഈ വാര്‍ഡിലെ രോഗികള്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും. വ്യാഴാഴ്ച നടന്ന കോളേജുതല കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
കോവിഡ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പറഞ്ഞു. 

ഇവര്‍ കോവിഡ് വാര്‍ഡിലെ എല്ലാ രോഗികളെയും പരിശോധിക്കുകയും കൗണ്‍സലിംഗും ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സലിംഗും നല്‍കുകയും ചെയ്യും. കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സൈക്യാട്രി വിഭാഗത്തിന്റെ കീഴില്‍ സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് പരിശീലനവും നല്‍കും. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി പൊലീസുകാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഐസൊലേഷനിലുള്ള രോഗികളുടെ പരിപാലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുവാനായി എല്ലാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയതായി സൂപ്രണ്ട് വ്യക്തമാക്കി.

click me!