കരിപ്പൂർ സ്വര്‍ണക്കടത്തില്‍ അന്വേഷണം തടഞ്ഞ് സര്‍ക്കാര്‍; ഒന്നരമാസം കഴിഞ്ഞിട്ടും അനുമതി നല്‍കുന്നില്ല

By Web TeamFirst Published Mar 6, 2021, 10:30 AM IST
Highlights

കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി സിബിഐ തേടിയിട്ട് ഒന്നരമാസം പിന്നിട്ടു. സിബിഐ സൂപ്രണ്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിട്ടും നടപടിയില്ല. 

കൊച്ചി: കരിപ്പൂര്‍ വിമാനത്തവാളത്തില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് കേസില്‍ സിബിഐക്ക് അന്വേഷണത്തിന് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. രണ്ട് തവണ റിമൈന്‍ഡര്‍ നല്കുകയും ആഭ്യന്തര വകുപ്പ്സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നയതന്ത്രകള്ളക്കടത്ത് കേസിനെ തുടര്‍ന്ന് സിബിഐക്കുള്ള പൊതു അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സിബിഐ കേസാണിത്.

കഴിഞ്ഞ ജനുവരി 12 നാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യവിമാനം എത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവുമാണ് കണ്ടെടുത്തത്. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രാക്കാരില്‍ നിന്ന്  ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും വിദേശസിഗരറ്റ് പെട്ടികളുമാണ് കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥരുടം കള്ളക്കടത്ത് മാഫിയയും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നിലെന്ന് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

നയതന്ത്ര കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് സിബിഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് മൂലം സിബിഐക്ക് സ്വന്തം നിലയില്‍ കേസ് രജിസറ്റര്‍ ചെയ്യാനായില്ല. തുടര്‍ന്ന് ജനുവരി 20 അന്വേഷണത്തിന് അനുമതി തേടി അഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് തവണ ഇക്കാര്യം ഓര്‍മിപ്പിച്ച കത്തും അയച്ചു. ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സിബിഐ സൂപ്രണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ നേരില്‍ കണ്ട് പ്രശ്നം ഉന്നയിച്ചു.

അന്വേഷണം വൈകിയാല്‍ തെളിവുകല്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അടിയന്തരമായി അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് മാഫിയയുടെ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടെന്ന രഹസ്യവിവരം സിബിഐക്ക് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും സിബിഐ വിശദമായി പരിശോധിക്കുകയാണ്. 

click me!