മഴദുരിതം: മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടാൽ പത്ത് ലക്ഷം

By Web TeamFirst Published Aug 14, 2019, 11:03 AM IST
Highlights

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയിൽ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. ഇതിനായി ദുരന്തബാധിതരുടെ പട്ടിക അടിയന്തരമായി ഉണ്ടാക്കാൻ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍ . മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയിൽ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. അടിയന്തര സഹായമെന്ന നിലയിൽ പതിനായിരം രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്, ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് അറിയിക്കാൻ സംവിധാനം ഉണ്ടായിരിക്കും . അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.  

നാശനഷ്ടങ്ങളുണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രദേശങ്ങളെ തരംതിരിക്കാൻ ദുരന്ത നിവാരണ സമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ അംഗീകൃത ദുരിതാശ്വാസ ക്യാന്പിലുള്ളവരെയും ദുരന്തബാധിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

click me!