അമിതസമ്മർദ്ദം; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്, കൊവിഡ് ഡ്യൂട്ടി തുടരും

By Web TeamFirst Published Oct 14, 2020, 3:48 PM IST
Highlights

നാളെ മുതൽ അധിക ജോലികളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. പ്രതിഷേധം കൊവിഡ് ഡ്യൂട്ടികള്‍ ബാധിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു. 

കൊല്ലം: കൊവിഡ് ഡ്യൂട്ടി അടക്കം സർക്കാർ അമിത സമ്മർദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ അധിക ജോലികളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. പ്രതിഷേധം കൊവിഡ് ഡ്യൂട്ടികള്‍ ബാധിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു. കൊവിഡ് ഇതര പരിശീലനം അടക്കം ബഹിഷ്കരിക്കും. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകൾ ബഹിഷ്കരിക്കും. സർക്കാറിന്റെ ഔദ്യോഗിക വാട്‌സ്അപ് ഗ്രൂപ്പുകളിൽ നിന്ന് സ്വയം ഒഴിയുമെന്നും ഡോക്ടർമാർ അറിയിച്ചു. 

അമിതജോലിഭാരം കൊണ്ട് തളർന്ന ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന സംഘടനയുടെ നിരന്തര അഭ്യർത്ഥന അംഗീകരിക്കാത്ത സർക്കാർ ഏറ്റവും ഒടുവിൽ നടപ്പിലാക്കിയത് കൊവിഡ് ആശുപത്രികളിലെ അതികഠിനമായ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷമുള്ള അവധി അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനമാണ്. നീതി നിഷേധത്തിൻ്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഇത്. ഇതുൾപ്പടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഒക്ടോബർ 15 മുതൽ സർക്കാർ ഡോക്ടർമാർ അധിക ജോലികളിൽ നിന്ന് വിട്ടു നിൽകുന്നതായിരിക്കും. രോഗീപരിചരണത്തെയും കൊവിഡ് പ്രതിരോധ ചികിത്സ പ്രവർത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികളെന്ന് കെജിഎംഒഎ അറിയിച്ചു. 

click me!