ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ; നവംബർ ഒന്ന് മുതൽ നിൽപ്പ് സമരം

By Web TeamFirst Published Oct 30, 2021, 11:14 AM IST
Highlights

കൊവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ (Government Doctors). നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം (protest) തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി ( mass leave) എടുത്ത് പ്രതിഷേധിക്കും. 

കൊവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. 

ദിവസേന പതിനായിരത്തിനടുത്ത് പുതിയ കൊവിഡ് രോഗികൾ ഇന്നും ഉള്ള സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി പിരിച്ചുവിട്ടതിൽ ഡോക്ടർമാർക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്. അമിത ജോലിഭാരം പേറുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലെന്നും പരാതിയുണ്ട്. 

ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് പ്രതിഷേധം. 

കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു വിധ പരിഗണയും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും. കൊവിഡ് കാലത്തും അവഗണനയും നീതി നിഷേധം സർക്കാർ ഡോക്ടർമാരോടുണ്ടായതിനെ തുടർന്ന് പരസ്യ പ്രതിഷേധത്തിന് 
നിർബന്ധിരാവുകയാണെന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു.

click me!