
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിക്ക് അയവില്ല.പ്രതീക്ഷിച്ച പോലെ പണം എത്തിക്കാനായില്ലെങ്കിൽ ശമ്പള വിതരണത്തിൽ പരിധി ഏർപ്പെടുത്താനാണ് നീക്കം. ഇതിനിടെ, ശമ്പള പ്രശ്നത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. അതേസമയം, ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ച നടപടി ഉടൻ പരിഹരിക്കുമെന്നും തിങ്കളാഴ്ച മുതൽ ശമ്പളം കൊടുത്ത് തുടങ്ങാനാകുമെന്നുമാണ് ധനവകുപ്പ് ആവർത്തിക്കുന്നത്. ഇതിനായി ട്രഷറിയിലേക്ക് ആവശ്യത്തിന് പണമെത്തിക്കാൻ പലവിധ പരിശ്രമങ്ങളും നടക്കുകയാണ്.
ഫെബ്രുവരി മാസത്തെ ശമ്പള വിതരമാണ് കഴിഞ്ഞ മൂന്നു ദിവസമായിട്ടും വിതരണം ചെയ്യാതെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം എംപ്ലോയിസ് ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അഥവാ ഇടിഎസ്ബി അക്കൗണ്ടിലാണെത്തുന്നത്. പണമില്ലാ പ്രതിസന്ധിയുടെ പേരിൽ ഈ അക്കൗണ്ട് മരവിപ്പിച്ചതിനാൽ ഇവിടെ നിന്ന് തുക അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നില്ല. ഓൺലൈൻ ഇടപാടുകൾ പോലും നടക്കുന്നില്ല. പ്രതീക്ഷിച്ച പോലെ പണം കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ ഇനിയും കുഴയും. പ്രതിസന്ധി പരിഹരിക്കാനാകില്ലെങ്കിൽ ശമ്പള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. പ്രതിദിനം പിൻവലിക്കാവുന്ന പണത്തിന് പരിധിവയ്ക്കാനോ രണ്ട് ഘട്ടങ്ങളായി ശമ്പളം നൽകാനോ ആണ് ആലോചന.
കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 4600 കോടി രൂപ അനിശ്ചിതമായി വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കേരളത്തിന്റെ പ്രതിഷേധം അറിയിക്കാൻ ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചര്‍ച്ചയും അടുത്ത ദിവസങ്ങളിൽ നടക്കുന്നുണ്ട്.ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകളില്ല. മന്ത്രിമാരും സര്ക്കാര്‍ സര്‍വ്വീസിന് പുറത്ത് ട്രഷറിയിൽ നിന്ന് നേരിട്ട് ശമ്പളം കിട്ടുന്ന ചെറിയൊരു ശതമാനത്തിനും മാത്രമാണ് പ്രതിസന്ധിയില്ലാത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam