
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam