ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍, സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ ആലോചന

Published : Nov 12, 2022, 06:19 AM ISTUpdated : Nov 12, 2022, 12:55 PM IST
ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍, സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാന്‍ ആലോചന

Synopsis

ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. 

തിരുവനന്തപുരം: ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങി സർക്കാർ. അടുത്തമാസം ചേരുന്ന സഭാ സമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്‍തുമസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യംവരെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചന. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം. 

സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി വെക്കാനാണ് ഈ പഴുത് ഉപയോഗിക്കുന്നത്. ഇതിന്‍റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് തുടങ്ങി. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. സമ്മേളനം 15 ന് പിരിയാതെ താൽക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്‍തുമസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും. 1990 ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേതന്ത്രം പ്രയോഗിച്ചിരുന്നു.1989 ഡിസംബർ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ അവസാന നിമിഷം വരെ സര്‍ക്കാരിനെ ഗവർണര്‍ മുൾമുനയിൽ നിർത്തിയിരുന്നു. സമാനമായ അവസ്ഥ ഒഴിവാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. പക്ഷേ ജനുവരി ആദ്യവാരം സഭാസമ്മേളനം അവസാനിച്ചാൽ പിന്നീട് ചേരുന്ന സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നിർബന്ധമാണ്. അതേസമയം ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിക്ക് പോകും. ഇനി 20 നാണ് തിരിച്ചെത്തുക. 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ