
കണ്ണൂർ: അധ്വാനിച്ചതിന്‍റെ കൂലി കൊടുക്കാതെ സർക്കാർ വട്ടംചുറ്റിക്കുന്നവരാണ് സംസ്ഥാനത്തെ കൈത്തറി തൊഴിലാളികൾ. സ്കൂൾ യൂണിഫോമിനുളള തുണി നെയ്തവർക്കുളള വേതന വിഹിതം സർക്കാർ നൽകിയിട്ട് ആറ് മാസമായി. അധിക ജോലിക്കുളള പ്രോത്സാഹന വേതനം മുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞു. കൈത്തറി സംഘങ്ങൾക്ക് നൽകാനുളളത് കോടികളാണ്.
നിലം തൊടാതെ നൂലിഴയിൽ ഇമവെട്ടാതെ ചലിച്ചുകൊണ്ടേയിരിക്കും തൊഴിലാളി. പക്ഷേ ജീവിതമങ്ങനെയല്ല. രാവിലെ മുതൽ വൈകുന്നേരം വരെ വിയർത്ത് പണിയെടുത്തിട്ട് കൂലിയില്ലെന്ന് പറയുമ്പോൾ ഭയങ്കര വിഷമമാണെന്ന് കൈത്തറി തൊഴിലാളി സുജാത പറയുന്നു. സെപ്തംബർ മുതലുള്ള കൂലി കിട്ടാനുണ്ടെന്ന് കൈത്തറി തൊഴിലാളി നാരായണൻ പറഞ്ഞു. മാസം കൂടി വന്നാൽ പതിനായിരം രൂപയാണ് കൂലി. അത് കയ്യിൽ കിട്ടണമെങ്കിൽ ഓണമോ വിഷുവോ വരണമെന്ന സ്ഥിതിയാണ്, ജീവിതം കഷ്ടത്തിലാണെന്ന് തൊഴിലാളികൾ പറയുന്നു.
സ്കൂൾ യൂണിഫോം പദ്ധതിയാണ് നിലനിന്നു പോകാനുളള വഴി. അതിലെ സർക്കാർ വിഹിതമാണ് മുടങ്ങിയത്- "35 മീറ്ററിന്‍റെ തുണിക്ക് 2000 രൂപ. 1400 രൂപയോളം നൽകേണ്ടത് സർക്കാരാണ്. ബാക്കി പൈസയാണ് സൊസൈറ്റി തരേണ്ടത്. അതും നിലച്ച അവസ്ഥയാണ്"
സമരം ചെയ്തിട്ടും ആരും കണ്ടില്ല. കഴിഞ്ഞ 15ന് മൂന്ന് ദിവസം സെക്രട്ടേറിയറ്റിന് മുൻപിൽ സമരം ചെയ്തു. ഉറപ്പ് മാത്രം കിട്ടി. പ്രൊഡക്ഷൻ ഇൻസന്‍റീവ് പദ്ധതിയിലേക്ക് എന്തെങ്കിലും കൊടുത്തിട്ട് വർഷങ്ങളായി. സർക്കാർ മുൻഗണന മറ്റ് പലർക്കുമാകുമ്പോഴും വർഷങ്ങൾ കൊണ്ട് നെയ്തെടുത്ത കൂറിൽ ആശ്വാസ ന്യായം കണ്ടെത്തുകയാണ് തൊഴിലാളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam