
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. മൂന്ന് പേരെ സോണൽ ജനറൽ മാനേജർമാർ ആയും, ഒരാളെ ഹെഡ് കോട്ടേർഴ്സിലേക്കുമാണ് നിയമിക്കുക. ഇതിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയിലെ നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ തസ്തികകള്‍ ഒഴിവാക്കി. കെ.എസ്.ആർ.ടി.സിയിൽ ഭരണ നിർവഹണത്തിന് വേണ്ടി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സര്‍ക്കാര്‍ നടപടി.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ പ്രധാന തസ്തികകളില്‍ പ്രൊഫഷണലുകളെ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കെഎസ്എസുകാരില്‍ നിന്ന് അഞ്ച് പേരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് വിട്ടുനല്‍കണമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ സര്‍ക്കാരിന് അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് കെഎഎസ് നിയമന പട്ടിക വന്നപ്പോള്‍ 104 പേരില്‍ നിന്ന് ഒരാളെ പോലും കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ധനവകുപ്പിനെതിരായ അതൃപ്തി ബിജു പ്രഭാഷകര്‍ പരസ്യമാക്കിയിരുന്നു.
അതേസമയം ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവ്വീസുകള്‍ കെഎസ്ആർടിസി പ്രഖ്യാപിച്ചു. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam