കേരള ബാങ്ക് രൂപീകരണത്തിന്‍റെ മറവില്‍ വന്‍കടങ്ങള്‍ എഴുതി തള്ളി സര്‍ക്കാര്‍; റബ്കോയ്ക്ക് അടക്കം സഹായം

By Web TeamFirst Published Aug 15, 2019, 9:49 PM IST
Highlights

ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്‍റെ വൻ കിട്ടാക്കടമായിരുന്നു. 

തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തിന്‍റെ മറവിൽ സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം അടച്ച് തീർത്ത് സർക്കാർ. സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള തുകയാണ് സർക്കാർ ഏറ്റെടുത്ത് അടച്ചത്. തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് കയ്യയച്ചുള്ള സഹായം. 

ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്‍റെ വൻ കിട്ടാക്കടമായിരുന്നു. ഏറ്റവും വലിയ കടം റബ്കോയ്ക്ക്. പിന്നെ മാർക്കറ്റ് ഫെഡിനും റബ്ബർമാർക്കിനും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്കോയുടെ 238 കോടിയും റബ്ബർമാർക്കിന്‍റെ 41 കോടിയും മാർക്കറ്റ് ഫെഡിന്‍റെ 27 കോടിയും സർക്കാർ അടക്കാൻ തീരുമാനിച്ചു. 

മാർച്ചിൽ പണം നൽകിയ നടപടിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സാധൂകരണം നൽകി. 12 വർഷം കൊണ്ട് തിരിച്ചടയ്‍ക്കാമെന്ന നിർദ്ദേശം റബ്കോ സർക്കാരിന് മുന്നിൽ നേരത്തെ വെച്ചിരുന്നു. പക്ഷെ പ്രതിവർഷ തിരിച്ചടവ് തുകയെകുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണാപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്കോ ചെയർമാൻ എൻ ചന്ദ്രന്‍റെ വിശദീകരണം.

കർഷകരെ സഹായിക്കാനും വിപണിയിൽ ഇടപെടാനുമുള്ള സ്ഥാപനങ്ങളാണ് മാർക്കറ്റ് ഫെഡും റബ്ബർമാർക്കും. രണ്ടിനും കൂടി 29 കോടി കുടിശ്ശിക സർക്കാർ നൽകാനുമുണ്ട്. വിവിധ സംഘങ്ങള്‍ ചേര്‍ന്നുള്ള ഈ രണ്ട് ഫെഡറേഷനുകള്‍ക്കൊപ്പം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്കോയെ കൂടി ചേര്‍ത്ത് മൊത്തം കടം ഏറ്റെടുത്തതിലാണ് സർക്കാരിന്‍റെ അതിബുദ്ധി. റബ്കോയും റബ്ബർ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനമായും അത് അവർക്ക് വേണ്ടിയുള്ള ഉല്പന്നങ്ങൾ നിർമ്മിക്കാൻ മാത്രമാണ്. 

click me!