പ്രതിഷേധം ഫലിച്ചു; എന്‍റോസൾഫാൻ ഇരകളെ കണ്ടെത്താൻ വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും

By Web TeamFirst Published Jul 10, 2019, 1:03 PM IST
Highlights

അർഹരായ എല്ലാവർക്കും മെഡിക്കൽ ക്യാമ്പിൽ പ്രവേശനം നൽകണമെന്നും അല്ലെങ്കിൽ ക്യാമ്പ് തടയുമെന്നും നേരത്തെ സമരസമിതി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ജില്ലാ കളക്ടറെ വിളിച്ചാണ് തീരുമാനം അറിയിച്ചത്.

കാസര്‍കോട്: എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനായി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സർക്കാർ. കാസര്‍കോട്ട് ഇന്ന് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരമില്ലാത്തവർക്ക് വേണ്ടിയാണ് പുതിയ ക്യാമ്പ് നടത്തുക. എല്ലാവര്‍ക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന സമരസമിതിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.

2017 ലെ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടും അവസരം കിട്ടാത്ത 275 പേർക്ക് മാത്രമാണ് ഇന്നത്തെ ക്യാമ്പിൽ പ്രവേശനം ഉണ്ടായിരുന്നത്. ക്യാമ്പിനെത്തുന്ന മറ്റുള്ളവരേയും പരിശോധിക്കണമെന്നാവശ്യമുയർന്നതോടെ തർക്കമായി. ഇവർക്കും പ്രവേശനം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. കോഴിക്കോട് കണ്ണൂർ മെഡിക്കൽ കോളേജുകളിൽ നിന്നായി 16 വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

പ്രത്യേക മെഡിക്കൽ ക്യാമ്പ് തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ജില്ലാ കളക്ടറെ വിളിച്ചാണ് തീരുമാനം അറിയിച്ചത്. അർഹരായ എല്ലാവർക്കും മെഡിക്കൽ ക്യാമ്പിൽ പ്രവേശനം നൽകണമെന്നും അല്ലെങ്കിൽ ക്യാമ്പ് തടയുമെന്നും നേരത്തെ സമരസമിതി വ്യക്തമാക്കിയിരുന്നു.

 

click me!