ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ നിയമനം; സിപിഎം നോമിനിക്കായി യോ​ഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി സർക്കാർ

Web Desk   | Asianet News
Published : Jun 22, 2020, 02:26 PM ISTUpdated : Jun 22, 2020, 02:54 PM IST
ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ നിയമനം; സിപിഎം നോമിനിക്കായി യോ​ഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി സർക്കാർ

Synopsis

ഗവണ്‍മെന്‍റ് സെക്രട്ടറി തലത്തിലോ അതിന് മേലെയോ പ്രവർത്തിച്ച ട്രാക്ക് റിക്കോർഡ്. അല്ലെങ്കിൽ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പരിചയവും ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങൾ. 2017വരെ അധ്യക്ഷ പദവിക്ക് അടിസ്ഥാനമാക്കിയത് ഇവയൊക്കെയാണ്. 

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നോമിനിയെ നിയമിക്കാൻ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സർക്കാർ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച പരിചയസമ്പത്തും അംഗീകാരങ്ങളും ഒഴിവാക്കിയാണ് അപേക്ഷകരെ ക്ഷണിച്ചത്. കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് വേണ്ട മിനിമം യോഗ്യത പോലും കമ്മീഷൻ തലവന് സർക്കാർ നിർദ്ദേശിച്ചില്ല. 

ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനം ചീഫ് സെക്രട്ടറി റാങ്കിലുള്ള അർദ്ധ ജുഡീഷ്യൽ അധികാരമുള്ള പദവിയാണ്. ഇതിലേക്ക് ബിരുദധാരിയായ ഒരു അഭിഭാഷകനെ അദ്ദേഹം പിടിഎ ‌അം​ഗമെന്ന യോ​ഗ്യത മുൻനിർത്തി നിയമിക്കുന്ന നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തെത്തിച്ചത്. തലശ്ശേരിയിലെ സിപിഎം പ്രാദേശിക നേതാവായ കെ വി മനോജ് കുമാറിനെയാണ് സർക്കാർ ഒന്നാം റാങ്ക് നൽകി നിയമിക്കാൻ നീക്കം നടത്തുന്നത്.എന്നാൽ ഈ നിയമന പ്രക്രിയ തുടങ്ങിയപ്പോൾ തന്നെ ഇതിനായുള്ള ക്രമക്കേടുകളും ആരംഭിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

ഗവണ്‍മെന്‍റ് സെക്രട്ടറി തലത്തിലോ അതിന് മേലെയോ പ്രവർത്തിച്ച ട്രാക്ക് റിക്കോർഡ്. അല്ലെങ്കിൽ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പരിചയവും ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങൾ. 2017വരെ അധ്യക്ഷ പദവിക്ക് അടിസ്ഥാനമാക്കിയത് ഇവയൊക്കെയാണ്. എന്നാൽ ഇത്തവണ സർക്കാർ രണ്ടും ഒഴിവാക്കി പകരം പേഴ്സണ്‍ ഓഫ് എമിനൻസ് എന്ന പ്രയോഗത്തിൽ  യോഗ്യതാ മാർഗനിർദ്ദേശങ്ങൾ ദുർബലപ്പെടുത്തി. അങ്ങനെ ജില്ലാ ജഡ്ജിമാരെയും അരഡസൻ ബാലാവകാശ പ്രവർത്തകരെയും മറികടന്ന് തലശേരിയിലെ മുൻ പിടിഎ അംഗം കെ. വി. മനോജ്കുമാറിനെ ഒന്നാംറാങ്കുകാരനാക്കി. 

ഇനി കോടതിയിൽ എത്തിയാലും പേഴ്സണ്‍ ഓഫ് എമിനൻസ് എന്ന പ്രധാന മാനദണ്ഡം സർക്കാരിന് ഇഷ്ടം പോലെ വ്യാഖ്യാനിക്കാം. ഇനി കമ്മീഷൻ അംഗമാകാനുള്ള  മാർഗനിർദ്ദേശങ്ങളിൽ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പത്ത് വർഷത്തെ പരിചയമാണ് പ്രധാനം. ഒപ്പം നിയമപരിജ്ഞാനവും വേണം. അംഗത്തിന് വേണ്ട യോഗ്യത പോലും അധ്യക്ഷന് ബാധകമല്ല. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ നേതൃത്വം നൽകിയ അഭിമുഖ പ്രക്രിയയിലാണ് തുടക്കം മുതൽ ഒടുക്കം വരെ അസ്വാഭാവികതകൾ.

കെ വി മനോജ് കുമാറിന് ഒന്നാം റാങ്ക് നൽകിയത് രണ്ട് ജ‍ഡ്‍ജിമാരെ അടക്കം മറികടന്നാണ്. 27 പേരുള്ള ഇന്റർവ്യൂ പട്ടികയിൽ കെവി മനോജ്കുമാർ യോ​ഗ്യത കൊണ്ട് ഏറ്റവും പിന്നിലാണ്. അദ്ദേഹം ബിരുദധാരി മാത്രമാണ്. മറ്റ് 26 പേരും ബിരുദവും ബിരുദാനന്തര ബിരുദവും കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ പരിചയമുള്ളവരും ചൈൽഡ് വെൽഫെയർ കമ്മറ്റികളിൽ ദീർഘകാലം പ്രവർത്തിച്ചവരും പോക്സോ വിധി ന്യായങ്ങളിലൂടെ ശ്രദ്ധേയരായ ജ‍ഡ്ജിമാരുമാണ്. ഇവരെയെല്ലാം മറികടന്നാണ് സിപിഎം ഇഷ്ടക്കാരനെ നിയമിക്കാൻ വേണ്ടി യോ​ഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചിരിക്കുന്നത്. 

യോഗ്യരെ മറികടന്ന് മനോജ്കുമാറിനെ നിയമിക്കാനുള്ള സർക്കാർ നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ആക്ഷേപങ്ങളും വിമർശനങ്ങളും ശക്തമാകുമ്പോഴും വിജിലൻസ് പരിശോധന അടക്കം പൂർത്തിയാക്കി മനോജിനെ നിയമിക്കാൻ ഉറച്ച് തന്നെയാണ് സർക്കാർ നീക്കങ്ങൾ. കുട്ടികളുടെ കമ്മീഷൻ കുട്ടിക്കളിയാണോ അതോ പാർട്ടിക്കാര്യമാണോ. മികവ് മാനദണ്ഡമാകേണ്ട അർദ്ധ ജുഡീഷ്യൽ പദവിയിയുടെ വിശ്വാസ്യത  ചോദ്യചെയ്യപ്പെടുമ്പോൾ സർക്കാർ മറുപടി പറയണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷർട്ട് ചെറുതാക്കാനെത്തി, ആരുമില്ലെന്ന് മനസിലാക്കി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചു; 2 ദിവസം തികയും മുൻപ് പിടിയിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ