
കൊച്ചി: ഏറെ നാളായി വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിക്ക് ഒടുവിൽ പരിഹാരം. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ സർക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് നടത്തിയ നിർണായക ചർച്ചയിൽ ഉയർന്നുവന്ന സമവായ ഫോർമുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദളിത് കുടുംബങ്ങൾക്ക് അവർ നിലവിൽ കഴിയുന്ന ഭൂമിയിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവിൽ സർക്കാർ ചർച്ചയിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നത്. ചർച്ച വിജയിച്ചെന്നും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായതായും യോഗത്തിന് ശേഷം മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.
പുതിയ കരാർ പ്രകാരം മലയിടംതുരുത്തിൽ തർക്കത്തിലായിരുന്ന ശങ്കരൻനായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ദളിത് കുടുംബങ്ങൾക്ക് നൽകും. ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് ഇവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു വർഷത്തിനകം പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതുവരെ നിലവിലുള്ള വീടുകളിൽ തന്നെ ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായി താമസിക്കാം. വീട് നിർമാണം പൂർത്തിയായാൽ കുടുംബങ്ങൾ അങ്ങോട്ടേക്ക് മാറും. ഈ വ്യവസ്ഥകൾ ഔദ്യോഗികമായി കരാറാക്കി മാറ്റാനും തുടർനടപടികൾ ഹൈക്കോടതിയെ ബോധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
തങ്ങൾക്ക് അതേ മണ്ണിൽ തന്നെ ജീവിക്കണമെന്ന പ്രധാന ആവശ്യമാണ് സർക്കാർ അംഗീകരിച്ചതെന്നും അതുകൊണ്ട് യോഗത്തിലെ തീരുമാനങ്ങൾ പൂർണ്ണമായി സ്വാഗതം ചെയ്ത് സമരം അവസാനിപ്പിക്കുന്നതായും സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഒപ്പം, സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ പോലീസുകാർ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. ദളിത് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ തന്നെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കിക്കൊണ്ടാണ് മലയിടംതുരുത്തിലെ കുടിയിറക്കൽ സമരം അവസാനിക്കുന്നത്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിനി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam