
തിരുവനന്തപുരം: അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍ ആലോചിക്കാൻ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡിജിപി, കെഎസ്ആർടിസി എംഡി എന്നിവർ പങ്കെടുക്കും. രാവിലെ പത്തുമണിക്കാണ് യോഗം ചേരുക.
സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. പെർമിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നൽകുന്നത് കൂടാതെ ലൈസൻസില്ലാതെ നടത്തുന്ന ട്രാവൽ ഏജൻസികള്‍ക്കെതിരെയും നടപടിയെടുത്തു. ഈ നടപടികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യവും യോഗം ചർച്ച ചെയ്യും.
കർണ്ണാടക, ആന്ധ്രപ്രദേശ്, ഹരിയാന,മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനങ്ങളും കേരളത്തിൽ സർവ്വീസ് നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഗതാഗത കമ്മീഷണറുമായി ചർച്ച നടത്തിയിട്ടുള്ള വിവരങ്ങള്‍ ഗതാഗത സെക്രട്ടറി യോഗത്തിൽ അറിയിക്കും. പിഴയീടാക്കുന്നത് കൂടാതെ നിയമലംഘനങ്ങള്‍ക്ക് പൊലീസ് കേസുകൂടി എടുക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് ഡിജിപി യോഗത്തിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിലവിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവേണറിൽ വ്യാപകമായി കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. വാഹനനിർമ്മാതാക്കളുടെ സഹായത്തോടെയാണ് ഈ കൃത്രിമമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലുള്ള നടപടിയും ആലോചിക്കും. കൂട്ടത്തോടെ ബസുകള്‍ക്കെതിരെ നടപടിയെടുത്താൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് സർക്കാരിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ബംഗളൂരു, ചെന്നൈ, മൈസൂർ എന്നിവടങ്ങളിലേക്ക് കൂടുതൽ കെഎസ്ആർടി സർവ്വീസുകള്‍ നടത്തുന്ന കാര്യവും യോഗം ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam