
തൃശൂർ: ആലുവയിൽ നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് പട്ടികജാതി വികസന വകുപ്പിൽ താൽക്കാലിക നിയമനം. വകുപ്പിന് കീഴിലെ പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ക്യാഷ്വൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമന ഉത്തരവ് ലഭിച്ചത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി ഐ ശ്രീവിദ്യയുടെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ്. സുനിൽ നിയമന ഉത്തരവ് നന്ദിനിക്ക് കൈമാറി. പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 35 ദിവസങ്ങളിലായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ സമരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഇടപെടലിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി ഇതോടൊപ്പം നന്ദിനി മുന്നോട്ടുപോവുകയാണ്.
ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന രാജുവിന്‍റെയും നന്ദിനിയുടെയും ഏകമകനാണ് മാസങ്ങൾക്ക് മുമ്പ് നാണയം വിഴുങ്ങി മരിച്ചത്. ചികിത്സകിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും, ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ചികിത്സ നൽകാതെ നാണയം മലത്തോടൊപ്പം പുറത്ത് പോകുമെന്ന് പറഞ്ഞ് തിരിച്ചയച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാമ്പിൾ രാസ പരിശോധനക്കായി അയച്ചിരുന്നു. ഈ പരിശോധനയിൽ കുട്ടിക്ക് ശ്വാസ തടസ്സം ഉണ്ടായതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. എന്നാൽ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വസതടസ്സം ഉണ്ടായതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ രാസപരിശോധന ഫലത്തിൽ വിശ്വാസമില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam