
തിരുവനന്തപുരം: ഇൻകൽ എംഡി എംപി ദിനേഷ് ഐപിഎസിനെ സർക്കാർ പുറത്താക്കി. ഡയറക്ടർ ബോർഡിന്റെ പരാതിയിലാണ് സർക്കാർ നടപടി. മൂന്ന് മാസം മുമ്പായിരുന്നു ദിനേഷിനെ ഇൻകൽ എംഡിയായി സർക്കാർ നിയമിച്ചത്. ഇന്നലെ രാത്രിയാണ് എഡിയെ പുറത്താക്കി ഉത്തരവിറക്കിയത്. ബിപിസിഎൽ മുൻ ചീഫ് ജനറൽ മാനേജർ എ മോഹൻലാലിന് സർക്കാർ പകരം ചുമതല നൽകി. ഒരു വർഷത്തിനിടയിൽ ഇൻകലിൽ നിയമിതനാകുന്ന നാലാമത്തെ എംഡിയാണ് മോഹൻലാൽ.
രണ്ടായിരം കോടിയിലേറെ രൂപയുടെ വിവിധ കരാറുകൾ മുന്നിൽ നിൽക്കെയാണ് ഇൻകലിൽ അനിശ്ചിതത്വം. സർക്കാരിന് 29 ശതമാനം ഓഹരിയുള്ള കമ്പനിയിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് ചെയർമാൻ. നിർണ്ണായക ഘട്ടത്തിൽ നാടകീയമായാണ് എംപി ദിനേശിനെ നീക്കിയത് .ഇന്നലെ രാത്രിയാണ് അറിയിപ്പ് എത്തിയത്. ഇന്ന് രാവിലെ പുതിയ എംഡി മോഹൻലാൽ ചുമതലയേറ്റു. മൂന്നര ലക്ഷമായിരുന്നു മുൻ എംഡിയും കശുവണ്ടി അഴിമതി കേസിലെ പ്രതിയുമായ കെ.എ രതീഷിന് ഇൻകൽ നൽകിയ ശമ്പളം. ദിനേശ് ചുമതലയേറ്റതോടെ ഇന്ന് രണ്ട് ലക്ഷമായി കുറച്ചു. ഇത് തിരുത്താൻ എം.പി ദിനേശ് നടത്തിയ നീക്കങ്ങളെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചിലർ എതിർത്തു.
സ്വതന്ത്ര ഡയറക്ടർ വിദ്യാ സംഗീത് സർക്കാരിനെ നേരിട്ട് വിയോജിപ്പ് അറിയിച്ചതോടെ വ്യവസായ മന്ത്രിയും ഇടപെട്ടു. ശമ്പള വർദ്ധനവിനുള്ള നീക്കം ഒക്ടോബർ 28 ന് എം പി ദിനേശ് പിൻവലിച്ചെങ്കിലും സർക്കാർ പിന്തിരിഞ്ഞില്ല. നിർമാണ പ്രവർത്തനങ്ങളിൽ ഇൻകലിന്റെ മെല്ലെ പോക്കിൽ കിഫ് ബി പരാതിപ്പെട്ടതോടെയാണ് എം.പി ദിനേശിനെ ജൂൺ മാസം എംഡിയാക്കുന്നത്. നാല് മാസങ്ങൾക്കിടെ വീണ്ടും എംഡിയെ മാറ്റുമ്പോൾ ഡയറക്ടർ ബോർഡിലും ഭിന്നത ശക്തമാകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam