
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു സംവാദം നടത്താനാണ് തീരുമാനം. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയിലെ സംവാദം.
ജനകീയ എതിർപ്പ് വകമാറ്റി വിദഗ്ധരെ തള്ളി എകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറിന് മനംമാറ്റം ഉണ്ടായിരിക്കുകയാണ്. പ്രതിഷേധച്ചൂട് കനക്കുന്നത് കണ്ടാണ് വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അൻുമതി നിഷേധിക്കപ്പെട്ട വർമ്മ ഡിപിആറിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയതലത്തിൽ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിക്കുന്നു. അലോക് വർമ്മക്കൊപ്പം ക്ഷണം ലഭിച്ച ആർവിജി മേനോൻെറയും ജോസഫ് സി മാത്യൂവിൻെറയും വാദങ്ങൾ ഏറ്റെടുത്താണ് പരിഷത്ത് അടക്കം ഇടതാഭിമുഖ്യമുള്ളവരും പദ്ധതിയിൽ സംശയം ഉന്നയിക്കുന്നത്. എതിർക്കുന്ന മൂന്ന് പേർക്കൊപ്പം അനുകൂലിക്കുന്ന മൂന്ന് പേരെയും ഇരുത്തിയാണ് സംവാദം.
മുൻ റെയിൽവെ എഞ്ചിനീയർ സുബോധ് ജെയിൻ, ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് രഘുചന്ദ്രൻനായർ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീർ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങൾക്ക് തത്സമയം കാണിക്കാം.. ചർച്ചയിൽ പങ്കെടുക്കുമെന്ന് അലോക് വർമ്മയും ആർവിജി മേനോനും ജോസഫ് സി മാത്യുവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പ്രതിഷേം തുടരുന്ന സമരസമിതി നേതാക്കളെ വിളിക്കാത്തതിൽ അവർക്ക് അതൃപ്തിയുണ്ട്. വിദഗ്ധരെയും ഭൂമി നഷ്ടപ്പെടുന്നവരെയും ഒഴിവാക്കി നേരത്തെ മുഖ്യമന്ത്രി സിൽവർലൈനിൽ പൗരപ്രമുഖരുമായി മാത്രം ചർച്ച നടത്തിയിൽതിൽ വലിയ എതിർപ്പ് ഉയർന്നിരുന്നു.
സുധാകരനെതിരെ കേസെടുത്തേക്കുമെന്ന് പൊലീസ്
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ നേതൃത്വത്തിൽ കെ റെയിൽ കുറ്റിപറിച്ച സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ്. പ്രവർത്തകർക്കെതിരെ കേസുണ്ടാകുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു.
സുധാകരനെതിരെ കൂടി കേസെടുക്കണമോ എന്ന് പരിശോധിക്കുകയാണ്. കെ റെയിൽ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി. 30 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇന്നലെ കെ റെയിൽ കുറ്റി പിഴുത് റീത്ത് വച്ചത്.
പ്രതിഷേധങ്ങളെ അവഗണിച്ച് ഇന്നും സർവേ തുടരാൻ കെ റെയിൽ; ഉദ്യോഗസ്ഥരെ തടയുമെന്ന് സമരക്കാർ
കണ്ണൂരിൽ പ്രതിഷേധങ്ങളുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ഇന്നും സില്‍വര്‍ ലൈന്‍ സർവ്വേ തുടരുമെന്ന് ഉദ്യോഗസ്ഥർ. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടൽ ജോലിയാണ് ഇനി ബാക്കിയുള്ളത്. രാവിലെ പത്ത് മണി മുതലാണ് കല്ലിടൽ ജോലി ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും സമര സ്ഥലത്ത് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്നലെ നാട്ടിയ കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റി റീത്ത് വച്ചിരുന്നു.
പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. കണ്ണൂർ ചാലയില്‍ കെ റെയിൽ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാർ തടയിരുന്നു. ചാലയിൽ ഇന്ന് നാട്ടിയ കുറ്റികൾ മിനുട്ടുകൾക്കകം പ്രതിഷേധക്കാര്‍ പിഴുത് മാറ്റി. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് പിഴുതെറിഞ്ഞത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി. ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തിയതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ചു.
പാർട്ടി കോൺഗ്രസ് തീർന്ന് കൃത്യം 11ആം ദിവസമാണ് കല്ലിട്ട് സിൽവർ ലൈൻ സർവ്വേക്കുള്ള തുടക്കം. മുമ്പ് പ്രതിഷേധം കൊണ്ട് നിർത്തിവെച്ച കണിയാപുരം കരിച്ചാറയിൽ ഇന്നലെ രാവിലെ സർവ്വേക്കായി ഉദ്യോഗസ്ഥരെത്തി. പിന്നാലെ സ്ഥലത്തേക്ക് സമരക്കാർ ഇരച്ചെത്തി. കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി പ്രതിഷേധം കടുപ്പിച്ചു. സമരക്കാരും പൊലീസും തമ്മിൽ സംഘർഷമായി. പ്രതിഷേധിച്ചവരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. പരിക്ക് പറ്റിയ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രവർത്തകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, ആരെയും മനപൂർവം ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
പ്രതിഷേധം കനത്തതോടെ സർവേ ഉദ്യോഗസ്ഥർ നടപടികൾ തുടങ്ങാനാകാതെ മടങ്ങി. ചവിട്ടി വീഴ്ത്തലിലെ പ്രതിഷേധം തുടരുന്നതിനിടെയാണ് കണ്ണൂർ ചാലയിലും ഉദ്യോഗസ്ഥർ പൊലീസ് അകമ്പടിയോടെ കല്ലിട്ടത്. പന്ത്രണ്ട് കണ്ടി ഭഗവതി ക്ഷേത്ര പരിസരത്ത് കുറ്റിയുമായെത്തിയ വാഹനം സമരക്കാർ മണിക്കൂറുകളോളം തടഞ്ഞു. 40 ഓളം സമരക്കാരെ അറസ്റ്റ് ചെയ്ത് കല്ലിട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിഴുതെറിഞ്ഞു. ദില്ലി ജഹാഗീർപുരിയിലെ ബുൾഡോസർ വെച്ചുള്ള ചേരി ഒഴിപ്പിക്കലിനെ ബൃന്ദാകാരാട്ട് തടഞ്ഞത് ആഘോഷമാക്കുന്ന സിപിഎമ്മിനെ കടുത്ത വെട്ടിലാക്കുന്നതായി കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെയുള്ള ചവിട്ടി വീഴ്ത്തൽ.