സില്‍വര്‍ലൈന്‍: പ്രതിഷേധക്കാര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

By Web TeamFirst Published Sep 26, 2022, 4:25 PM IST
Highlights

ഡിപിആറിന്  കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്ന് ഹൈക്കോടതി ചോദിച്ചു. 

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും പ്രതിഷേധം നടത്തിയവർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയില്‍. പദ്ധതിയിൽ നിന്ന് പിൻമാറിയിട്ടില്ല. കേന്ദ്രാനുമതിക്കായി കാത്തുനിൽക്കുകയാണ്. സർവ്വേക്ക് എതിരെ പ്രതിഷേധിച്ചവർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ  അറിയിച്ചു.

സില്‍വർ ലൈൻ സർവ്വേയിൽ സർക്കാരിനെയും കെ റയിൽ കോർപ്പറേഷനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സിൽവർ ലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതി സർക്കാരിനെയും കെ റെയിൽ കോർപ്പറേഷനെയും വിമർശിച്ചത്. സിൽവർ ലൈൻ ഡി പി ആറിന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നെ കോടികൾ ചെലവഴിച്ച് സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദ്യം. സർവ്വേയുടെ പേരിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ആരാണ് സമാധാനം പറയുക. പ്രതിഷേധം നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കുമോ എന്നും കോടതി ചോദിച്ചു.

ഒരു പേര് വിളിച്ചത് കൊണ്ട് പദ്ധതിയാകില്ലെന്നും ഡി പി ആർ  ആദ്യം കേന്ദ്രം അംഗീകരിക്കട്ടെയും കോടതി പറഞ്ഞു. ശരിയായ രീതിയിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയുകയുള്ളു. അക്കാര്യം കോടതി ഉറപ്പുവരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിചേർത്തു. നിലവിൽ സാമൂഹികാഘാത പഠനത്തിനുള്ള കാലാവധി കഴിഞ്ഞും പുതിയ വിജഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. പദ്ധതി പ്രവർത്തനമൊന്നും  നടക്കുന്നില്ല. ഈ സാഹചര്യത്തിൽ സർവ്വേക്ക് എതിരായ ഹർജിക്കാരുടെ ആശങ്ക നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കി ഹർജികൾ തീർപ്പാക്കി. സർക്കാർ സർവ്വേയുമായി മുന്നോട്ട് പോയാൽ ഹർജിക്കാർക്ക് ആശങ്കയുണ്ടെങ്കിൽ  വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബ‌ഞ്ച് വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾക്ക് ആവർത്തിച്ച് കത്തയച്ചിട്ടും  കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പാതയുടെ അലൈൻമെന്‍റ്, പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവെ ഭൂമി തുടങ്ങിയവയുടെ  വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഡിപിആര്‍ അപൂർണ്ണമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും  റെയിൽവെ കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

 

click me!