
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ (personal staff)പെൻഷൻ (pension)തടയുമെന്നു പ്രഖ്യാപിച്ച ഗവർണറുടെ (governor)അടുത്ത നീക്കം എന്തെന്നു കാത്തിരിക്കുകയാണ് സർക്കാർ. രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ കൊടുക്കുന്ന രീതിയിൽ അക്കൗണ്ടന്റ് ജനറലിനെ ഇടപെടുത്താൻ ആണ് രാജ്ഭവൻ നീക്കം.പക്ഷെ സ്റ്റാഫ് നിയമനം സർക്കാറ്റിന്റെ നയ പരമായ കാര്യം ആയതിനാൽ ഗവർണർക്ക് ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് സർക്കാർ നിലപാട്.ഗവർണറുടെ മുന്നറിയിപ്പിൽ ഇന്ന് ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും പ്രതികരണം ഉണ്ടാകും
ഭരണപക്ഷത്തിനെയും പ്രതിപക്ഷത്തെയും വീണ്ടും കടന്നാക്രമിച്ച് ആണ് ഇന്നലേയും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് അല്ല തന്നെ നിയമിച്ചത്. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നു. സർക്കാർ ഈ പരിപാടി അവസാനിപ്പിക്കണം, ആരോപണങ്ങളുടെ മൂർച്ഛ കൂട്ടുകയായിരുന്നു ഗവർണർ.
പേഴ്സണൽ സ്റ്റാഫിലെ രാഷ്ട്രീയക്കാർക്ക് പെൻഷൻ നൽകുന്നത് ഗൗരവമായി എടുക്കുകയാണ്, ഫയൽ വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ട്. വൈകാതെ തന്നെ നടപടിയുണ്ടാകും. അതിന് ഒരു മാസം വേണ്ടി വരില്ല. നിലപാടിൽ ഉറച്ച് നിൽക്കകുയാണ് ഗവർണർ.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന സ്കീം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞു. ബജറ്റിൽ പത്ത് കോടി രാജ് ഭവന് നീക്കി വച്ചതിനെ കുറിച്ച് സർക്കാരിനോട് ചോദിക്കണം. ഇന്ത്യയിൽ കേരളത്തിലെ രാജ്ഭവനിൽ ആണ് ഏറ്റവും കുറവ് പേഴ്സണൽ സ്റ്റാഫ് ഉളളതെന്നും ഗവർണർ അവകാശപ്പെടുന്നു.
കാനത്തിനും കടുത്ത ഭാഷയിലായിരുന്നു ഗവർണറുടെ മറുപടി. കാനം രാജേന്ദ്രൻ ഭരണമുന്നയിൽ തന്നെയല്ലേ എന്നാണ് ചോദ്യം. താൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ല. ഇടതുമുന്നണിയുടെ പ്രശ്നങ്ങൾക്ക് തന്നെ കരുവാക്കരുത്. ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഇടത് മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഗവർണറുടെ ആരോപണം. ഇടത് മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്. പരസ്യമായി തന്നെ നിങ്ങൾ തമ്മിൽ തല്ലുകയാണ്. താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെങ്കിൽ എന്തിന് അതിന് കീഴടങ്ങണമെന്നാണ് ഗവർണറുടെ ചോദ്യം.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിമർശിച്ചത്. ''പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ'', എന്നാണ് ഗവർണർ പറഞ്ഞത്.
പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി ഡി സതീശൻ ഇതിന് നൽകിയ മറുപടി. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ പറഞ്ഞിരുന്നു.
നയപ്രഖ്യാപനം വായിച്ചതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് അവസാനിച്ചെന്ന് കരുതിയെങ്കിൽ തെറ്റി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. മുൻമന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ ആഞ്ഞടിച്ചു.
''പേര് ബാലൻ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല'', ഗവർണർ പരിഹസിച്ചു. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാൽ മതിയെന്നും നയപ്രഖ്യാപനവിവാദത്തെക്കുറിച്ച് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നും ഗവർണർ ആരോപിക്കുന്നു. ''പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ'', എന്നാണ് ഗവർണർ പറയുന്നത്.
ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ എനിക്ക് 11 പേഴ്സണൽ സ്റ്റാഫ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇവിടെ ഓരോ മന്ത്രിമാർക്കും 20-ലധികം പേഴ്സണൽ സ്റ്റാഫുണ്ട്. ഇവരെയെല്ലാം രണ്ട് വർഷം കൂടുമ്പോൾ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇങ്ങനെ മാറ്റി നിയമിച്ചവർക്കടക്കം എല്ലാവർക്കും പെൻഷൻ ആനുകൂല്യങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്റ്റാഫ് നിയമനത്തിന്‍റെ പേരിൽ ഇത്തരത്തിൽ രണ്ട് വർഷം കൂടുമ്പോൾ ആളുകളെ മാറ്റി നിയമിക്കുന്നതിൽ പാർട്ടി കേഡർ വളർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഇതെന്ത് ധൂർത്താണ്? കേരളത്തിലെ ജനത്തിന്‍റെ പണത്തിന്‍റെ ദുർവിനിയോഗമല്ലേ ഇത്? ഗവർണർ ചോദിക്കുന്നു.
പേഴ്സണൽ സ്റ്റാഫ് നിയമനം വെറുതെ വിട്ട് കളയില്ലെന്ന് ഗവർണർ ആവർത്തിക്കുന്നു. എജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അവകാശം ഉണ്ട്. അടുത്ത കാലത്ത് മാത്രമാണ് തനിക്ക് ഇങ്ങനെയാണ് പേഴ്സണൽ സ്റ്റാഫ് നിയമനം നടക്കുന്നതെന്ന് മനസ്സിലായത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നതാണ്. ഈ നിലപാടിൽ പിന്നോട്ടില്ലെന്നും ഗവർണർ.
പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ മാറ്റാൻ താൻ നിർദേശിച്ചിട്ടില്ല എന്ന് ഗവർണർ പറയുന്നു. ഒരു സെക്രട്ടറിക്ക് ഒറ്റയ്ക്ക് അങ്ങനെ കത്തെഴുതാനാകില്ലെന്ന് തനിക്ക് അറിയാം. പിന്നെ എന്തിന് അദ്ദേഹത്തെ മാറ്റണം എന്ന് താനാവശ്യപ്പെടണം? സർക്കാരാണ് അദ്ദേഹത്തെ കാരണക്കാരനായി കണ്ടെത്തി നടപടിയെടുത്തത്. അതിൽ തനിക്കെന്ത് ഉത്തരവാദിത്തമാണുള്ളത്?
ബിജെപി സംസ്ഥാനസമിതി അംഗം കൂടിയായ ഹരി എസ് കർത്തായെ തന്‍റെ പി എ ആയി നിയമിച്ചതിൽ യാതൊരു തെറ്റുമില്ല എന്നാണ് ഗവർണർ പറയുന്നത്. ഇതിന് മുമ്പ് രാജ്ഭവനിൽ രാഷ്ട്രീയപശ്ചാത്തലം ഉള്ള പലരും ജോലി ചെയ്തിട്ടുണ്ട്. അതിന്‍റെ കണക്ക് തന്‍റെ പക്കലുണ്ട്. അദ്ദേഹം മുതിർന്ന മാധ്യമപ്രവർത്തകനാണ്, അദ്ദേഹത്തിന് ഇവിടെ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്. താനും ബിജെപിക്ക് ഒപ്പമായിരുന്നു. കേരളാ പൊലീസ് ഇന്‍റലിജൻസ് ക്ലിയർ ചെയ്ത ശേഷമാണ് ഹരി എസ് കർത്തായെ നിയമിച്ചതെന്നും ഗവർണർ പറയുന്നു.
പോർമുഖം തുറന്നതെങ്ങനെ?
ബിജെപി സംസ്ഥാനസമിതി അംഗം ഹരി എസ് കർത്തായെ ഗവർണറുടെ പിഎ ആയി നിയമിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് വീണ്ടും രാജ്‍ഭവനും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഹരി എസ് കർത്തായുടെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു നിയമനം സര്‍ക്കാര്‍ അംഗീകരിച്ചത്.
രാഷ്ട്രീയപ്പാർട്ടികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരെയോ സജീവമായി പ്രവർത്തിക്കുന്നവർക്കെതിരെയോ സാധാരണ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കാറില്ല എന്ന് രേഖപ്പെടുത്തിയാണ് നിയമന ഉത്തരവ് ഗവർണർക്ക് പൊതുഭരണസെക്രട്ടറി കൈമാറിയത്. എങ്കിലും ഗവർണർ നിലപാടിലുറച്ച് നിൽക്കുന്നതിനാൽ നിയമനം നൽകുന്നുവെന്നാണ് സർക്കാരിന് വേണ്ടി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ രാജ്ഭവനെ അറിയിച്ചത്.
ഇങ്ങനെ ഒരു കത്ത് ലഭിച്ചത് ഗവർണറെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തോടെ, ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന നിലപാടെടുത്തു.
ഒടുവിൽ നയപ്രഖ്യാപനപ്രസംഗത്തിന് തലേന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ ഗവർണറെ അനുനയിപ്പിക്കാനെത്തേണ്ടി വന്നു. സമവായചർച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രിയും ഗവർണറും ചർച്ചക്കിടെ ക്ഷുഭിതരായി. പേഴ്സണൽ സ്റ്റാഫ് നിയമനത്തെ കുറിച്ച് ഗവർണർ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞിറങ്ങിയ മുഖ്യമന്ത്രി ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് പ്രതിസന്ധി പരിഹരിച്ചത്.
നയപ്രഖ്യാപനത്തിന്‍റെ തലേന്ന് ഒരു അനുരഞ്ജനത്തിന് ഒരു മുഖ്യമന്ത്രി രാജ്ഭവനിലെത്തുന്നത് ഇതാദ്യമാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടനാ ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്.
അഡീഷണൽ പിഎയ്ക്കുള്ള നിയമനം അംഗീകരിച്ച ശേഷം തന്‍റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന ഗവർണർ തുറന്നടിച്ചു. നിയമനത്തിന്‍റെ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ഗവർണർ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതെയുള്ള പേഴ്സണൽ സ്റ്റാഫ് നിയമനവും പെൻഷനുമെന്ന് ഗവർണർ പറഞ്ഞു.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനം വേണമെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴക്കരുതെന്ന മുഖ്യമന്ത്രിയും നിലപാടെടുത്തോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി.
രാജ്ഭവനിലും എകെജി സെൻറിലും തിരക്കിട്ട ചർച്ചകള്‍ നടന്നു. വീണ്ടും കത്തയക്കാമെന്ന് മന്ത്രിമാർ അഭിപ്രായം പറഞ്ഞുവെങ്കിലും ഗവർണർ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒടുവിൽ ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരുന്നാലുള്ള ഭരണഘടനാ പ്രശ്നങ്ങളെ കുറിച്ച് രാജ്ഭവനും നിയമവിദഗ്ധരുമായി ആലോചിച്ചിരുന്നു. ഗവർണർക്ക് മാറി നിൽക്കാവില്ലെന്നുള്ള നിയമോപദേശമായിരുന്നു ലഭിച്ചത്. ഭരണബാധ്യത നിർവ്വഹിക്കുന്നതിനു പകരം അതിലേക്ക് അനാവശ്യ ചർച്ചകള്‍ ഗവർണർ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം