
ദില്ലി: ചാൻസിലർ പദവി ഒഴിയുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന കൃത്യമായ ഉറപ്പ് നൽകാതെ പുന;പ്പരിശോധനക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണറുടെ (Governor) ആവർത്തിച്ചുള്ള കടുത്ത വിമർശനങ്ങളിൽ വൈകീട്ട് മൂന്നിന് കണ്ണൂരിൽ വിളിച്ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും.
തുടർച്ചയായ രണ്ടാം ദിവസവും ഒരിഞ്ചും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഗവർണർ. കൂടുതൽ അധികാരം വേണമെന്നല്ല ആവശ്യപ്പെട്ടത്. നൽകിയ അധികാരം ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ് ചാൻസിലർ പദവിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിക്കുന്നു. ഇടപെട്ടാൽ പണ്ട് മുഖ്യമന്ത്രി വിളിച്ച റസിഡൻ്റ് എന്ന് വീണ്ടും വിളിക്കുമെന്ന് കൂടി ആവർത്തിച്ചാണ് ചാൻസിലറാകാൻ ഇല്ലെന്നുള്ള ഉറച്ച നിലപാട്. കത്ത് നൽകിയ ശേഷം മുഖ്യമന്ത്രി ഫോണിൽ വിളിച്ചതടക്കമുള്ള അനുനയനീക്കങ്ങൾ ഉണ്ടായെന്ന് സമ്മതിച്ച ഗവർണർ ചർച്ചക്കപ്പുറത്തുള്ള ഉറപ്പുകളിലാണ് നിർബന്ധം പിടിക്കുന്നത്.
മുഖ്യമന്ത്രി തന്നെ ചാൻസിലറാവുകയാണ് പ്രശ്ന പരിഹാരമെന്ന് ഗവർണർ പറയുന്നു. ഓർഡിനൻസിൽ ഒപ്പിടാൻ തയ്യാറാണ്.തന്നെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാൽ മാത്രം തീരുമാനം പുനഃപരിശോധിക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാട്. ഒരു ഏറ്റുമുട്ടലിനില്ലെന്നും ഉറപ്പ് എങ്ങനെ നൽകണം എന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് ഗവർണർ പറയുന്നു.
ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം. സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയ നേതാക്കളുടെയും ഉന്നത സ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരുകാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്‍റെ പോരായ്മയായിരുന്നു.
ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോഴാണ് പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്. പൗരത്വ പ്രതിഷേധത്തിന്‍റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നല്ല ബന്ധത്തിലായിരുന്നു. ജന്മദിന പരിപാടികള്‍ക്ക് വരെ ക്ലിഫ്ഹൗസിലെത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സര്‍ക്കാരിനെതിരെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.