
തിരുവനന്തപുരം: വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം.
ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്ന് ഇന്ന് കൂടുതൽ വ്യക്തമായി തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബില്ലിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ്വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവു വച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്‍റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.
ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളൻ കേസിലെ സൂപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തിൽ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടൽ . ഗവര്‍ണറുടെ അസാധാരണ വാര്‍ത്താ സമ്മേളനത്തോടെ സമായ സാധ്യതകളെല്ലാം അടഞ്ഞ സ്ഥിതിക്ക് അടിക്ക് തിരിച്ചടി എന്നമട്ടിൽ തുടര്‍ന്ന് പോകാമെന്ന നിലപാടിലാണ് ഇടതുമുന്നണിയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam