പൗരത്വ നിയമത്തിന് പരോക്ഷ പിന്തുണ ; കേരളത്തേയും മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തി ഗവര്‍ണര്‍

By Web TeamFirst Published Jan 26, 2020, 9:25 AM IST
Highlights

പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച്  ഗവര്‍ണറുടെ പരോക്ഷ പരാമര്‍ശം. പീഡിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് ഇന്ത്യ. ആരേയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ഇന്ത്യക്കില്ലെന്ന് ഓര്‍മ്മിച്ച്  ആരിഫ് മുഹമ്മദ് ഖാൻ 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിവാദത്തിൽ പരോക്ഷ പരാമര്‍ശങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ റിപ്പബ്ലിക് ദിന പ്രസംഗം. അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  ജാതിയുടേയോ നിറത്തിന്‍റെയോ സാമൂഹിക നിലവാരത്തിന്‍റെയോ പേരിൽ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ല.  വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലും നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും കടുത്ത അതൃപ്തി ഗവര്‍ണര്‍ പരസ്യമാക്കിയ സാഹചര്യത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ആകാംക്ഷയോടെയാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗത്തെ ഉറ്റുനോക്കിയിരുന്നത്. വിവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ത്ഥികൾക്ക് ഇടം നൽകുന്ന പാരമ്പര്യത്തിലും എല്ലാം ഊന്നി നിന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. വിവാദങ്ങൾക്കും ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനും ഇടയിൽ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതിന്‍റെ കൗതുകവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് ഉണ്ടായിരുന്നു. 

വികസന നേട്ടങ്ങളുടെ പേരിൽ കേരളത്തേയും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനേയും വാനോളം പുകഴ്ത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചത്. രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 

ലോക കേരള സഭയിലൂടെ നിക്ഷേപ സാധ്യതകളും കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്‍റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിര വികസനത്തിനും നവീന ആശങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്. പ്ലാസ്റ്റിക് നിരോധന നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളേും ഗവര്‍ണര്‍ പ്രസംഗത്തിൽ പ്രശംസിച്ചു. 

മലയാളത്തിൽ റിപ്പബ്ലിക് ദിന ആശംസയും നേര്‍ന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം അവസാനിപ്പിച്ചത്. 

click me!