
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലോകായുക്ത (Lokayukta) ഭേദഗതി ഓർഡിനൻസിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഗവർണ്ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്ന് ഗവർണർ പ്രതികരിച്ചു.മൂന്നാഴ്ചയിലേറെ ബിൽ തന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഒന്നും തനിക് ബില്ലിൽ കാണാൻ കഴിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാടയിലെ ഹിജാബ് വിവാദത്തിലും ഗവർണർ പ്രതികരിച്ചു. മുസ്ലിം ചരിത്രത്തിലെ സ്ത്രീകൾ പോലും ഹിജാബിന് എതിരായിരുന്നുവെന്നാണ് ഗവർണറുടെ പ്രതികരണം.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. പ്രതിപക്ഷ പ്രതിഷേധങ്ങൾ തള്ളി ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ചു കൊണ്ടാണ് ഗവർണർ ഒപ്പിട്ടത്. 22 വർഷമായി അഴിമതി തടയാൻ ലോകായുക്ത നിയമത്തിലുള്ള ഏറ്റവും ശക്തമായ വകുപ്പാണ് ഇതോടെ ഇല്ലാതായാത്. അഴിമതിക്കേസിൽ മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത ഇനി വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ടിവരില്ല. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തള്ളിക്കളയാം. വിധി മുഖ്യമന്ത്രിക്കെതിരെയാണെങ്കിൽ ഗവർണർക്കും തള്ളാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam