
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ (Kuthiravattam Mental Hospital) അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളും തലയുടെ പിൻവശത്ത് അടിയേറ്റാൽ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തി. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയിൽ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും.
Kuthiravattam Hospital: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ച നിലയിൽ
മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ ഇന്നലെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ ദിവസം വൈകിട്ട് ഈ സെല്ലിലെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.