
തിരുവനന്തപുരം: നിയമസഭ ബില്ലുകൾ പാസാക്കിലായലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം. കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവർണര്‍ വിശദീകരിച്ചു. ഗവർണര്‍ - സർക്കാർ പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ. പ്രോ ചാൻസ്‍ലര്‍ എന്ന നിലയിൽ പുനർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു.
വിസി നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റി തന്നെ റദ്ദാക്കിയുള്ള പുനർനിയമനം വിവാദമായിരുന്നു. ചരിത്ര കോൺഗ്രസ്സിലെ പ്രതിഷേധവും പ്രിയ വർഗിസിന്‍റെ നിയമനം ഉന്നയിച്ച് ഗവർണര്‍ വിസിയെ കടന്നാക്രമിക്കുകയാണ്. വിസിക്ക് പുനർ നിയമനം നൽകിയത് ഗവർണര്‍ തന്നെ അല്ലേ എന്ന് സിപിഎം നേതാക്കൾ ചോദിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഗവർണര്‍ എടുത്ത് പറയുന്നത്. അതേസമയം ഗവർണര്‍ക്ക് എതിരെ കടുപ്പിക്കുകയാണ് സർക്കാരും സിപിഎമ്മും. ഭരണത്തിന്‍റെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ കോടിയേരി വിമർശിച്ചു.
മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണര്‍ക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാരും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഒപ്പിടാം വിശദാംശങ്ങൾ തേടി തിരിച്ച് അയക്കാം. അല്ലെങ്കി രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടന പറയുന്നത്. വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണ്ണർ ഒപ്പിടണം. പക്ഷെ ബില്ലുകൾ തീരുമാനമെടുക്കാതെ നീട്ടിവെച്ചാൽ സർക്കാർ വെട്ടിലാകും. നിയമസഭ പാസാക്കിയ മിൽമ ഭരണസമിതി ഭേദഗതി ബിൽ ജുലൈ 27 മുതൽ രാജ്ഭവൻ പരിഗണനയിലാണ്.