5 ബില്ലുകളില്‍ ഒപ്പുവെച്ചു, സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ല, ഉറച്ച് ഗവര്‍ണര്‍

By Web TeamFirst Published Sep 21, 2022, 10:09 AM IST
Highlights

സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. 
 

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.  ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.  ഗവർണർ ഇന്ന് ദില്ലിയിലേക്ക് പോകും. ഈ മാസം കേരളത്തിലേക്ക് ഗവര്‍ണര്‍ മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ കേരള വി സി നിയമനത്തിലും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല  വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന നി‍ർദ്ദേശം ഗവർണർ സർവകലാശാലക്ക് നൽകിയിട്ടുണ്ട്. വി സി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇതുവരെ സർവ്വകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവർണ്ണർ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവർണ്ണറുടെയും പ്രതിനിധികൾ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ  പ്രതിനിധിയെ നിർദ്ദേശിക്കാതെ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണ് .നേരത്തെ ആസൂത്രണ ബോർഡ് അംഗം വികെ രാമചന്ദ്രനെ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു. രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട്  ആഴ്ച്ചകൾ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിർദ്ദേശം നൽകിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കാത്തിരിക്കുകയാണ് കേരള സർവ്വകലാശാല. ഒക്ടോബർ 24 നു വി സിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് ഗവർണർ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

 

click me!