ക്ഷണം നിരസിച്ച് ഗവർണർ, സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കില്ല

By Web TeamFirst Published Sep 21, 2022, 6:13 PM IST
Highlights

ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ  തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി  രാജേഷിനെയും നേരത്തെ ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും  ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു. ഓണംവാരാഘോഷ ഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ അനുനയിപ്പിക്കാനായിരുന്നു നേരത്തെ നീക്കമെങ്കിലും അദ്ദേഹം വഴങ്ങില്ലെന്ന് ഉറപ്പായി. 

സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ ഇനി ആ രീതിയിൽ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് ഓർമ്മിപ്പിച്ച പിണറായി, സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും തുറന്നടിച്ചു. ഗവർണർ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് മുഖ്യമന്ത്രി തുറന്നടിച്ചു. 

'കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു'; ഗവര്‍ണര്‍ക്ക് മറുപടിയുമായി പിണറായി

അതിനിടെ പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. ലോകായുക്ത-സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കുന്ന ഗവർണ്ണർ ബാക്കി ആറ് ബില്ലുകളിൽ കൂടുതൽ വ്യക്തത തേടി മാത്രമേ ഒപ്പിടൂ. രാജ്ഭവൻറെ പരിഗണനയിലുള്ള 11 ബില്ലുകളിൽ അഞ്ച് എണ്ണത്തിലാണ് ഗവർണ്ണർ ഒപ്പിട്ടത്. കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ, പബ്ളിക് സർവ്വീസ് കമ്മീഷൻ ഭേദഗതി ബിൽ, ആഭരണ തൊഴിലാളി ക്ഷേമ നിധി ബിൽ, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ബിൽ, ധനഉത്തരവാദ ഭേദഗഗതി ബിൽ എന്നിവക്കാണ് അനുമതി. ഇതിൽ ചിലതിൽ വകുപ്പ് സെക്രട്ടറിമാർ ഗവർണ്ണർക്ക് കൂടുതൽ വിശദീകരണം നൽകിയിരുന്നു. വിവാദമായ ലോകായുക്ത- സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഇതിനകം ഗവർണ്ണർ വ്യക്തമാക്കിക്കഴിഞ്ഞു. ബാക്കി നാലിൽ കൂടുതൽ വ്യക്ത വരുത്തിയാകും തീരുമാനമെടുക്കുക. 
 

click me!