
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ ആദരവോടെ ഓർക്കാമെന്ന് ഗവർണർ പറഞ്ഞു. പൂര്‍ണ സ്വാശ്രയത്വത്തിലേക്കുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ സ്വാതന്ത്ര്യ ദിനാഘോഷമെന്നും ഗവര്‍ണര്‍ ആശംസിച്ചു.
"ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ." എന്ന് ഗവര്‍ണര്‍ ആശംസിച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം
എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പുതിയ വികസന പദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി. നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.
7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും ഏഷ്യാനെറ്റ് ന്യൂസ് വജ്രജൂബിലി യാത്രയിൽ പങ്കാളികളായ കേഡറ്റുകളെയും ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങൾ കൂട്ടി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമുണ്ട്.
സംസ്ഥാന തലസ്ഥാനത്തും വിപുലമായ ഒരുക്കങ്ങൾ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പതാക ഉയർത്തും. സേനാവിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. പൊലീസ് മെഡലുകൾ നാളെ സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ വിതരണം ചെയ്യും. രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയർത്തലും തുടർന്നുള്ള ആഘോഷചടങ്ങുകളും നടക്കുക.