'മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ? ഞാൻ റബ്ബർ സ്റ്റാമ്പെന്ന് കരുതണ്ട' ; തുറന്നടിച്ച് ഗവർണർ

By Web TeamFirst Published Sep 15, 2022, 1:01 PM IST
Highlights

അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ തുറന്നടിച്ചു.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുപ്പിച്ച് തന്നെ. താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവർണർ, പ്രത്യേക സമ്മേളനം വിളിച്ചുചേ‍ര്‍ത്ത് പാസാക്കിയ സര്‍വകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയാണ് നൽകുന്നത്. നിയമവിരുദ്ധമായി ചെയ്ത കാര്യങ്ങളെല്ലാം നിയമപരമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബില്ലുകള്‍ സര്‍ക്കാര്‍ തയാറാക്കിയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ ഉയര്‍ത്തി.

ഓര്‍ഡിനന്‍സ് രാജ് എന്ന വിമര്‍ശനം മറികടക്കാന്‍ നിയമസഭയില്‍ ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയെങ്കിലും അനുനയത്തിനില്ല എന്ന സൂചനയാണ് ഗവര്‍ണറുടെ വാക്കുകളിലുളളത്. ഭരണഘടനയും നിയമവും കീഴ്വഴക്കങ്ങളും നോക്കി മാത്രമാകും ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനമെന്നും സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശം നിഷേധിക്കുന്ന ഒരു ഭേദഗതിയ്ക്കും കൂട്ടുനില്‍ക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സൂചനയും ഗവര്‍ണറുടെ വാക്കുകളിൽ വ്യക്തമായിരുന്നു. 

കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി

സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ല. ഈ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. സർവകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സർവകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയെന്നതും ശ്രദ്ധേയമാണ്. 

കുറ്റാരോപിതന്‍ തന്നെ ജഡ്ജിയാകുന്നതിനെ അംഗീകരിക്കാനാകില്ലെന്നായിരുന്നു ലോകായുക്ത നിയമഭേദഗതി ബില്ല് സൂചിപ്പിച്ചുളള ഗവര്‍ണറുടെ പ്രതികരണം. പതിനെട്ടാം തീയതി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷമാണ് സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ബില്ലുകളെ പറ്റി വിശദമായ നിയമപരിശോധന നടത്താനാണ് രാജ്ഭവന്‍ തീരുമാനം. നിയമവിരുദ്ധമായ ബില്ലുകള്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉടലെടുക്കാന്‍ പോകുന്നത്. 

 

click me!