താക്കീതുമായി ഗവര്‍ണര്‍ ; 'വിദ്യഭ്യാസരംഗത്തെ കേരള മോഡലിന് ചീത്തപ്പേരുണ്ടാക്കരുത്'

By Web TeamFirst Published Dec 4, 2019, 11:16 AM IST
Highlights

മാര്‍ക്ക് ദാന വിവാദങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍. വിദ്യാഭ്യാസരംഗത്തെ കേരളത്തിന്‍റെ ഖ്യാതിക്ക് കോട്ടം തട്ടുന്ന നടപടികള്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് 

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണ്. തെറ്റ് തിരിച്ചറിഞ്ഞ സര്‍വ്വകലാശാല അതു തിരുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വിവാദം ഇവിടെ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ഗവര്‍ണറുടെ വാക്കുകള്‍...

സിന്‍ഡിക്കേറ്റാണ് വിഷയത്തില്‍ തീരുമാനം എടുത്തത്. ആ തീരുമാനം അവരിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍വകലാശാലയും ചട്ടവിരുദ്ധമായി നല്‍കിയ ബിരുദസര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ വേണ്ട നടപടി ആരംഭിച്ചിട്ടുണ്ട്.ഇതോടെ ഈ വിവാദം ഇവിടെ അവസാനിക്കുകയാണ്. 

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടെ യോഗം ഞാന്‍ 16-ാം തീയതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനുള്ള അന്തസും വിശ്വാസ്യതയും തകരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇപ്പോഴുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരുടെ യോഗം  ചര്‍ച്ച ചെയ്യും.  

വിദ്യഭ്യാസരംഗത്ത് കേരളം രാജ്യത്ത് നമ്പര്‍ വണ്‍ ആണ്. ആ വിശ്വാസ്യതയും അന്തസും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. അതെനിക്ക് മാത്രമല്ല വൈസ് ചാന്‍സലര്‍മാര്‍ക്കുമുണ്ട്.  കേരളത്തിന്‍റെ വിദ്യാഭ്യാസമോഡല്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ്. അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. 

സാങ്കേതിക സര്‍വകലാശാല., എംജി സര്‍വകലാശാല, കേരള സര്‍വ്വകലാശാല തുടങ്ങി കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ പലതരം വിവാദങ്ങളെ നേരിടുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ സ്വരം കടുപ്പിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീലിന്‍റെ നേതൃത്വത്തില്‍ നടന്ന അദാലത്തുകളും അതിലെ മാര്‍ക്ക് ദാനത്തിനുള്ള തീരുമാനങ്ങളും നേരത്തെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. എംജി സര്‍വ്വകലാശാല സ്വീകരിച്ച തെറ്റു തിരുത്തല്‍ നടപടിയിലും പാളിച്ചയുണ്ടായി. മാര്‍ക്ക് ദാനവിവാദം പരിശോധിച്ച ഗവര്‍ണറുടെ സെക്രട്ടറി മാര്‍ക്ക് ദാനത്തില്‍ മന്ത്രി കെടി ജലീലിന് വീഴ്ച പറ്റി എന്നു ചൂണ്ടിക്കാട്ടി ഗവര്‍ണക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

എംജി, കേരള, സാങ്കേതിക സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാനവും വഴിവിട്ട നടപടികളും  തുടര്‍ക്കഥയായ സാഹചര്യത്തില്‍ പുറത്തു വന്ന ഗവര്‍ണറുടെ വിമര്‍ശനം സര്‍ക്കാരിന് വലിയ അടിയാവും. ചട്ടപ്രകാരം സര്‍വ്വകലാശാലകളുടെ തലവന്‍ ഗവര്‍ണര്‍ ആണെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമാണ് ഗവര്‍ണര്‍മാര്‍ സര്‍വ്വകലാശാലകളില്‍ ഇടപെടാറുള്ളതും അവരെ പരസ്യമായി വിമര്‍ശിക്കാറുള്ളതും. 

എന്നാല്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സാഹചര്യത്തിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. ഡിസംബര്‍ 16-ന് വിളിച്ചു ചേര്‍ത്ത ഗവര്‍ണര്‍മാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശം ഗവര്‍ണര്‍ നല്‍കിയേക്കും എന്നാണ് കരുതപ്പെടുന്നത്. 

click me!