മൊറട്ടോറിയം പദ്ധതിയോട് മുഖം തിരിച്ച് കര്‍ഷകര്‍; പിന്തിരിയല്‍ കാര്‍ഷികവായ്പകളില്‍ പലിശയിളവ് കിട്ടാത്തതിനാല്‍

Published : Dec 04, 2019, 10:34 AM ISTUpdated : Dec 04, 2019, 10:40 AM IST
മൊറട്ടോറിയം പദ്ധതിയോട് മുഖം തിരിച്ച് കര്‍ഷകര്‍;  പിന്തിരിയല്‍ കാര്‍ഷികവായ്പകളില്‍ പലിശയിളവ് കിട്ടാത്തതിനാല്‍

Synopsis

കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകളില്‍ തിരിച്ചടവിനുളള സാവകാശം അഥവാ മൊറട്ടോറിയത്തിനായി അപേക്ഷ സമര്‍പ്പിക്കാനുളള സമയപരിധി അവസാനിച്ചത് നവംബര്‍ 25നാണ്. അപേക്ഷകരുടെ എണ്ണം ....

കോഴിക്കോട്: മൊറട്ടോറിയം പദ്ധതിയോട് മുഖം തിരിച്ച് സംസ്ഥാനത്തെ കര്‍ഷകര്‍.  ഈ വര്‍ഷം പ്രളയത്തില്‍ കൃഷി നശിച്ചവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്. മൊറട്ടോറിയം സ്കീമിന്‍റെ ഭാഗമായാല്‍ കാര്‍ഷിക വായ്പകള്‍ക്കുളള പലിശയിളവുകള്‍ കിട്ടില്ലെന്നതാണ് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്. അപേക്ഷകരുടെ എണ്ണം തീരെ കുറഞ്ഞതോടെ അപേക്ഷ സമര്‍പ്പിക്കാനുളള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കി.

ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനശിച്ച കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകളില്‍ തിരിച്ചടവിനുളള സാവകാശം അഥവാ മൊറട്ടോറിയത്തിനായി അപേക്ഷ സമര്‍പ്പിക്കാനുളള സമയപരിധി അവസാനിച്ചത് ഇക്കഴിഞ്ഞ നവംബര്‍25നാണ്. സംസ്ഥാനത്തെ വിവിധ ബാങ്കുകളുടെ പക്കല്‍ നിന്ന് ലീഡ് ബാങ്ക് ഇതുവരെ ശേഖരിച്ച കണക്കുകള്‍ പ്രകാരം ദുരിതബാധിതരായ കര്‍ഷകരില്‍ അഞ്ച് ശതമാനത്തോളം കര്‍ഷകര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്. 

കോഴിക്കോട് ജില്ലയില്‍  കൃഷിനാശമുണ്ടായ 118 വില്ലേജുകളിലായി അറുപതിനായിരത്തോളം കര്‍ഷകര്‍ക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും അപേക്ഷിച്ചത് നാലായിരത്തില്‍ താഴെ ആളുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മഹാപ്രളയം ദുരിതം വിതച്ച 2018ല്‍ മൊറട്ടോറിയത്തിനായി അപേക്ഷ സമര്‍പ്പിച്ചത് പത്ത് ശതമാനത്തില്‍ താഴെ കര്‍ഷകര്‍ മാത്രം. 

ദുരിതബാധിതരായ കര്‍ഷകര്‍ക്കുളള ഏറ്റവും വലിയ ആശ്വാസ പദ്ധതിയായി സര്‍ക്കാര്‍ അവകാശപ്പെടുന്ന മൊറട്ടോറിയത്തോട് എന്തുകൊണ്ടാണ് കര്‍ഷകര്‍ മുഖം തിരിക്കുന്നത് എന്നറിയാന്‍ മൊറട്ടോറിയത്തിന്‍റെ ഭാഗമായാലുളള വായ്പ തിരിച്ചടവ് എങ്ങനെയെന്ന് പരിശോധിച്ചാല്‍ മതി. ഒമ്പത് ശതമാനം പലിശയില്‍ കാര്‍ഷിക വായ്പയെടുക്കുന്ന ഒരു കര്‍ഷകന് ഒരു വര്‍ഷത്തിനകം വായ്പ തിരിച്ചടച്ചാല്‍ പലിശ നാലു ശതമാനമായി കുറയും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകന്‍റെ വായ്പയ്ക്ക് രണ്ട് ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റായും മൂന്ന് ശതമാനം ഇന്‍സന്‍റീവായും പലിശയിളവ് കിട്ടും. എന്നാല്‍ ഇതേ കര്‍ഷകന്‍ കൃഷിനാശത്തെത്തുടര്‍ന്ന് മൊറട്ടോറിയം പദ്ധതിയുടെ ഭാഗമായാല്‍ ഈ ആനുകൂല്യങ്ങള്‍ കിട്ടില്ലെന്നു മാത്രമല്ല പലിശ പത്ത് ശതമാനത്തിനു മുകളിലാവുകയും ചെയ്യും. കൃഷിനാശമുണ്ടായ കാലത്തെ പലിശ പിന്നീട് അടയ്ക്കേണ്ടി വരും. 

മൊറട്ടോറിയത്തെ വലിയ ആശ്വാസ പദ്ധതിയായി പ്രഖ്യാപിക്കുന്ന സര്‍ക്കാരുകള്‍ ദുരിതബാധിതരുടെ വായ്പകളിലുള്ള പലിശ ഏറ്റെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കും വരെ നാലു ശതമാനം പലിശ മാത്രം ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കണം. അല്ലാത്ത പക്ഷം മൊറട്ടോറിയമെന്നത് കേവലം പ്രഹസനം മാത്രമാണെന്നും കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം'; സുപ്രീം കോടതി
പരാതിയുമായെത്തിയ യുവതിക്ക് അർധരാത്രി മെസേജ്, സിവിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം