
കൊച്ചി: പി എസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഗവർണർ രാജേന്ദ്ര അർലേക്കർ ശുപാർശ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. അർലേക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ആർട്ടിക്കൾ 317 പ്രകാരം പി എസ് സി ചെയർമാനെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല. പി എസ് സി ചെയർമാനെ പുറത്താക്കാൻ മന്ത്രിസഭയുടെ ശുപാർശയില്ലാതെ ഗവർണർക്ക് തീരുമാനമെടുക്കാൻ കഴിയില്ല. മന്ത്രിസഭ ശുപാർശ നൽകിയിട്ടുണ്ടൊ എന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാർ അറിഞ്ഞില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നുവെന്നും രാജീവ് വ്യക്തമാക്കി. ഗവർണർ ഉദ്യോഗസ്ഥരിൽ നിന്ന് റിപോർട്ടുകൾ നേരിട്ട് വാങ്ങുന്നു. പൊലീസ് മേധാവിയെ വിളിപ്പിക്കുന്നു. ഇതൊന്നും സർക്കാർ അറിയുന്നില്ല. ശരിക്കുമുള്ള ഡീൽ ഇതാണെന്നും രാജീവ് കുറ്റപ്പെടുത്തി. ഗവർണർക്ക് മുന്നിൽ സർക്കാർ ബോധപൂർവം കീഴടങ്ങുകയാണ്. അർലേക്കർ ഒരിടത്തും ഗവർണറായി ഇരിക്കാൻ യോഗ്യനല്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.
അതേസമയം രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ സംസ്ഥാന സർക്കാരിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നേയുള്ള അർലേക്കറുടെ നടപടിയെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയപ്പോൾ പരസ്യമായി തള്ളി റവന്യു മന്ത്രി എ പി അനിൽ കുമാറും പ്രതികരിച്ചു. സർക്കാരിനെ ഇരുട്ടിൽ നിർത്തി, സർക്കാരിനെ അറിയിക്കാതെ തന്നെ പി എസ് സി ചെയർമാനെയടക്കം പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നാണ് അനിൽ കുമാർ അഭിപ്രായപ്പെട്ടത്. ഇക്കാര്യം ഗവർണർ സ്ഥാനത്തിരുന്ന അർലേക്കർ ആദ്യം സർക്കാരിനെ അറിയിക്കേണ്ടിയിരുന്നു എന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam