രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By Web TeamFirst Published Nov 25, 2022, 3:06 PM IST
Highlights

ഗവ‍ർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്

തിരുവനന്തപുരം: തനിക്കെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കെതിരെ താൻ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ രാജ്ഭവന് പരാതി‌ ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. ഇത്തരം കാര്യങ്ങളിൽ തനിക്ക് വ്യക്തിപരമായ താല്പര്യമില്ല. സർവകലാശാല വിഷയത്തിലാണ് താൻ ശ്രദ്ധ ചെലുത്തുന്നത്. ഈ വിഷയത്തിൽ ഒരിക്കൽ നഷ്ടപ്പെട്ട പ്രതീക്ഷ സുപ്രീം കോടതി ഉത്തരവോടെ തനിക്ക് തിരികെ ലഭിച്ചു. ചാൻസലറുടെ അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും അത് തുടർച്ചയായി ലംഘിക്കപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ‍ർക്കാർ ഉദ്യോഗസ്ഥരുടെ രാജ് ഭവൻ മാർച്ചിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു. ഗവ‍ർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാർ സമരത്തിൽ പങ്കെടുത്തെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പരാതി. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ, നടപടി സ്വീകരിച്ചോ തുടങ്ങിയ വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്.

click me!