പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു; കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടി

By Web TeamFirst Published Aug 17, 2022, 7:04 PM IST
Highlights

ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുൻ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.

ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.

സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു.

സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന്  പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ പറ‍ഞ്ഞു. 

റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വിസിയുടെ നിലപാട്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.

click me!