വിഴിഞ്ഞത്ത് സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം, സമരസമിതി പ്രവർത്തകരെ കണ്ട് ഗവർണർ

By Web TeamFirst Published Sep 21, 2022, 1:36 PM IST
Highlights

പ്രശ്‌നപരിഹാരത്തിന് ഇടപെടാം എന്ന് ഗവർണർ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമര സമിതി പ്രവർത്തകർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് ഉറപ്പ് നൽകി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലി സന്ദർശനത്തിന് മുന്നോടിയായാണ് സമര സമിതി പ്രവർത്തകരെ രാജ്ഭവനിൽ വിളിച്ചു വരുത്തി ഗവർ‍ണർ വിശദാംശങ്ങൾ തേടിയത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാം എന്ന് ഗവർണർ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമര സമിതി പ്രവർത്തകർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് ഉറപ്പ് നൽകി. ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പറ്റി ഗവർണർ ചോദിച്ചറിഞ്ഞതായും സമര സമിതി പ്രവർത്തകർ വ്യക്തമാക്കി. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ക്യാമ്പുകൾ സന്ദർശിക്കും എന്നും അറിയിച്ചു. 

സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം

വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കണം എന്ന് ജില്ലാ ഭരണകൂടം. സമരപ്പന്തൽ പൊളിച്ചു നീക്കാൻ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്‌നവും നിർമാണ പ്രവർത്തങ്ങൾ തടസ്സപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സമര പന്തൽ പൊളിച്ചുനീക്കിയില്ലെങ്കിൽ, 30ന് സമരപ്രതിനിധികൾ ഹാജരാകണം എന്നും ഉത്തരവിൽ ഉണ്ട്. എന്നാൽ സമരപ്പന്തൽ പൊളിക്കില്ലെന്നും, സർക്കാർ തന്നെ പൊളിക്കട്ടെ എന്നുമാണ് സമരസമിതിയുടെ നിലപാട്. 

അതേസമയം സമരം പൊളിക്കാൻ പല ഇടപെടലുകളും നടക്കുന്നുണ്ടെന്ന് സമരസമിതി പ്രതികരിച്ചു. കോടതിയുടെ മുമ്പിലുള്ള കാര്യത്തിൽ പെട്ടെന്ന് ഉത്തരവ് വേണ്ടിയിരുന്നോ എന്ന് അറിയില്ല. തങ്ങളുടെ ഭാഗം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും സമരപ്പന്തലിൽ നിയമലംഘനങ്ങൾ നടക്കുന്നില്ല എന്നും ഗവ‌ർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ പ്രതികരിച്ചു. 

 

click me!