തിരുവനന്തപുരം : കണ്ണൂർ വൈസ് ചാൻസിലറുടെ നിയമനവുമായി (Kannur VC Appointment) ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചാൻസിലർക്ക് അയച്ച നോട്ടീസ് ഗവർണ്ണർ (Governor Of Kerala) സർക്കാറിലേക്ക് അയച്ചത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ചാൻസിലർ പദവി ഒഴിയുന്നുവെന്ന് കാണിച്ച് ഈ മാസം എട്ടിന് മുഖ്യമന്ത്രിക്ക് കത്തയച്ചത് മുതൽ താൻ ചാൻസിലർ അല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഗവർണ്ണർ. എന്നാൽ പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾക്ക് മുൻകയ്യെടുക്കിന്നില്ലെങ്കിലും ചാൻസിലർ പദവി ഗവർണ്ണർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. ഒടുവിൽ ഗവർണ്ണർ അയയില്ലെന്ന് ഉറപ്പായതോടെ നടപടിയിൽ നിയമവശം പരിശോധിച്ച് മറുപടി നൽകാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
വിസി നിയമനം നടത്തിയ ഗവർണ്ണർക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലാണ് സിപിഎം. നിയമസഭക്ക് വേണമെങ്കിൽ ചാൻസിലർ സ്ഥാനത്തുനിന്നും ഗവർണ്ണറെ മാറ്റാമെങ്കിലും എൽഡിഎഫ് അതാഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗവർണ്ണറുടെ പുതിയ നീക്കത്തിന് പലമാനങ്ങളുണ്ട്. നോട്ടീസിൽ നിലപാടറിയിച്ചാൽ ചാൻസിലർ പദവിയിൽ ഗവർണ്ണർ തുടരുന്നുവെന്ന് വരും എന്നതിനാലാണ് ഗവർണ്ണർ ഉത്തരവാദിത്വം സർക്കാറിലേക്ക് നൽകിയത്. വിസിയെ നിയമിച്ചത് ഗവർണ്ണറാണ്. നിലവിലെ ചട്ടപ്രകാരം സർവ്വകലാശാലകളുടെ ചാൻസിലറും ഗവർണ്ണറാണ് അത് കൊണ്ട് നോട്ടീസിൽ മറുപടി നൽകേണ്ടത് ഗവർണ്ണർ തന്നെയാണെന്നാണ് സർക്കാർ വാദം. എന്നാൽ എജിയുടെ നിയമപോദേശം അടക്കം തേടിയാകും സർക്കാർ ഗവർണ്ണർക്ക് മറുപടി നൽകുക. മുഖ്യമന്ത്രി ഗവർണ്ണറെ കണ്ടാൽ മഞ്ഞുരുകാൻ സാധ്യത ഉണ്ടെങ്കിലും അത്തരം നീക്കം ഇതുവരെ ഉണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam