മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്‍, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്‍, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിള പാളി കേസിലെ ജാമ്യാപേക്ഷയിലാണ് രണ്ടാം തീയതി വാദം കേൾക്കുന്നത്. ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി എസ്ഐടി രംഗത്ത്. സ്വർണക്കൊള്ളയിൽ കുറ്റപത്രം നൽകാത്തതിനെ തുടർന്ന് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനെ ഹൈക്കോടതി അടക്കം വിമർശിക്കുന്നതിനിടയിലാണ് കൃത്യതയുള്ള കുറ്റപത്രത്തിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്ഐടി ആവശ്യപ്പെടുന്നത്. പിഴവുകളില്ലാത്ത കുറ്റപത്രം നൽകാൻ നിയമ വിദഗ്ധരുടെ സഹായം വേണമെന്നാണ് ആവശ്യം. കട്ടിളപ്പാളി, ദ്വാരപാലകപാളി കേസുകളിൽ പ്രത്യേകം പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. എസ്ഐടി കണ്ടെത്തിയ മൂന്ന് അംഗ പാനൽ ഹൈക്കോടതിയിലേക്ക് കൈമാറും.

90 ദിവസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളെ ക്രോഡീകരിക്കാനും, അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്ന് കൃത്യതയുണ്ടാക്കാനുമാണ് എസ്ഐടിയുടെ നീക്കം. പ്രതികൾ കൂടുതലും ജീവനക്കാരാണ്. സ്വർണക്കൊള്ളയിലൂടെ അവർക്ക് എന്ത് ലാഭമുണ്ടായി, മറ്റാർക്കെങ്കിലും ലാഭമുണ്ടാക്കാൻ ഇടപെട്ടോ എന്നതെല്ലാം തെളിയിക്കുന്നതിന് ശാസ്ത്രീയ തെളിവുകൾക്കൊപ്പം കേസ് നടത്തിപ്പും കാര്യക്ഷമമാക്കണം. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്ത പരിചയമുള്ള മൂന്ന് അംഗ പാനലാണ് എസ്ഐടി തയ്യാറാക്കിയത്. ലോകായുക്തയിലെ പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, ഹൈക്കോടതിയിലെ വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ്, അഡ്വക്കറ്റ് ഉണ്ണികൃഷ്ണൻ അടക്കമുള്ളവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം എന്നതിനാൽ പട്ടിക സർക്കാറിന് കൈമാറും മുമ്പ് കോടതിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നിയമനം. 

YouTube video player