സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം, കേന്ദ്രത്തിന് വിമര്‍ശനവും

By Web TeamFirst Published Jan 23, 2023, 9:17 AM IST
Highlights

അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനവും ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്‍റെ വളര്‍ച്ചയെ ഗവര്‍ണര്‍ പുകഴ്ത്തി. 

അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ്  സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. കിഫ്ബി കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിലായിരുന്നു വിമര്‍ശനം. കടമെടുപ്പ് പരിധി നിയന്ത്രിച്ചത് വികസനത്തിന് പ്രതിബന്ധമാകുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. ബില്ലുകള്‍ നിയമമാകുന്നെന്ന് ഉറപ്പാക്കുക സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ മികച്ച കേന്ദ്രമാക്കും. ആരോഗ്യമേഖലയില്‍ ഉണ്ടായത് വന്‍ നേട്ടങ്ങളാണ്. ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സാ മേഖലയില്‍ പുരോഗതി ഉണ്ടാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ മികച്ചതും ചെലവ് കുറഞ്ഞതുമായി. ലിംഗ സമത്വ ബോധവത്കരണത്തിനായി പദ്ധതി രൂപീകരിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് സർക്കാർ ചിന്തിച്ചിരുന്നെങ്കിലും അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണറെ സ്‍പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. 

 

click me!