
തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചില്‍ പൊലീസിന് സുരക്ഷാവീഴ്ചയുണ്ടായതായി ഗവർണർ. സംഭവത്തില്‍ ഡിജിപിയെ രാജ്ഭവൻ അതൃപ്തി അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടികടന്ന് പ്രധാന ഗേറ്റുവരെ എത്തിയത് സുരക്ഷവീഴ്ചയെന്ന് ഗവർണർ ആരോപിക്കുന്നു. ഡിവൈഎഫ്ഐക്കാർക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സുരക്ഷാവീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഗവർണർ ആവശ്യപ്പെടുന്നു.
കേരള രജിസ്ട്രാറുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്നലെ രാത്രി നടത്തിയ രാജ്ഭവൻ മാർച്ചിലെ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ഗവർണർ ആരോപിക്കുന്നത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ഗേറ്റിന് മുന്നിലേക്ക് ചാടിയതിൽ കേസെടുത്ത് നടപടിയെടുക്കാൻ ഗവർണർ ഡിജിപിക്ക് നിർദ്ദേശം നൽകി. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ടു. രാത്രി നടന്ന മാർച്ചിൽ നിരവധി പ്രവർത്തകർ പ്രധാന ഗേറ്റിന് സമീപത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം, ഗവർണ്ണറുടെ അധിക സുരക്ഷക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവ് റദ്ദാക്കിയ സർക്കാർ നടപടിയിൽ രാജ്ഭവന് അതൃപ്തി അറിയിച്ചിരുന്നു. രാജ്ഭവൻ ആവശ്യപ്പെട്ട ആറ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം നിയമിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ആ ഉത്തരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു. സാങ്കേതിക പിഴവാണ് കാരണമെന്നാണ് സർക്കാർ വിശദീകരണം.