ഗവർണറുടെ 'ഹിന്ദു' പരാമർശം; വിവാദമായതോടെ വിശദീകരണവുമായി രാജ്ഭവൻ

By Web TeamFirst Published Jan 28, 2023, 10:17 PM IST
Highlights

തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു

തിരുവനന്തപുരം : ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ വിശദീകരണവുമായി രാജ്ഭവൻ. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചത്. ഗവർണറുടെ 'ഹിന്ദു' പരാമർശം വിവാദമായതോടെയാണ് രാജ്ഭവന്റെ വിശദീകരണം.

തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന സംഘപരിവാര്‍ അനുകൂലികളായ മലയാളികളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. സംഘടനയുടെ ആര്‍ഷദര്‍ശന പുരസ്‍കാരം ഇത്തവണ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കാണ്. ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്വയംപ്രഖ്യാപിത ആഗോള കവിയുടെ ആഹ്വാനം സനാതന ധര്‍മ്മം തിരിച്ചറിയാതെയാണെന്ന് ക്ലോൺക്ലേവിൽ ആര്‍ഷദര്‍ശന പുരസ്കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി പറഞ്ഞു. കവികളായ കൈതപത്രം ദാമോധരൻ നമ്പൂതിരിയും മധുസൂദനൻ നായരും പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദുവിൽ നിന്ന് ജാതിയെ എടുത്തുകളയണമെന്ന് ഗാനരചയിതാവ് കൈതപത്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

Read More : 'ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍', തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍

click me!