
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്.
വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ള അഭിപ്രായവും സർക്കാർ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
നിയമ ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലറിലൂടെ നിർദേശിച്ചിരുന്നു. പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ സർക്കുലറിൽ പറഞ്ഞത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകിയത്.
വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ ആണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam