ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും

Published : Nov 22, 2020, 10:21 AM IST
ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും

Synopsis

ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ പരിശോധന നടത്തും. ബാറുടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ സംസ്ഥാന സർക്കാർ ചെന്നിത്തല അടക്കമുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

രമേശ് ചെന്നിത്തലക്ക് പുറമെ മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർ കോഴക്കേസ് വീണ്ടും സജീവമാക്കാനാണ് സർക്കാർ നീക്കം. എന്നാൽ ഗവർണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താനാവൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടി.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെ എം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹം തന്റെ മുൻ ആരോപണം വീണ്ടും ആവർത്തിച്ചത്. കെ എം മാണിക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയ ബിജു രമേശ്, ബാർ ലൈസൻസ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കൾക്കെതിരെ രഹസ്യമൊഴിയിൽ പരാമർശം ഉണ്ടായിരുന്നില്ല. 

ബാർകോഴയിൽ കെ എം മാണിക്കും കെ ബാബുവിനുമെതിരെയായിരുന്നു വിജിലൻസിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോർട്ടാണ് സർക്കാറിന് നൽകിയത്. മുഖ്യമന്ത്രി അനുമതി നൽകിയെങ്കിലും പ്രതിപക്ഷ നേതാവിനും മുൻമന്ത്രിമാർക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാൻ ഗവർണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരായ അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട കൂടുതൽ കേസുകൾ സജീവമാക്കാൻ സ‍ർക്കാ‍ർ തീരുമാനമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ബാർകോഴക്കേസിലെയും അന്വേഷണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും